Pathanamthitta local

എയ്ഡ്‌സ് ബോധവല്‍ക്കരണ ദിനാചരണം: ജില്ലയില്‍ വിപുലമായ പരിപാടി

പത്തനംതിട്ട: ലോക എയ്ഡ്‌സ് ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നതിന് ഡെപ്യൂട്ടി കലക്ടര്‍ എന്‍ സുന്ദരന്‍ ആചാരിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ലോക എയ്ഡ്‌സ് ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും റാലിയും ഡിസംബര്‍ ഒന്നിന് വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, നഴ്‌സിങ് സ്‌കൂളുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കും. എല്ലാ സ്‌കൂളുകളിലും അസംബ്ലി ചേര്‍ന്ന് എയ്ഡ്‌സ്ദിന പ്രതിജ്ഞയെടുക്കും. സ്‌കൂളിലെ ഒരു വിദ്യാര്‍ഥി വിഷയാവതരണം നടത്തും. എല്ലാ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ദിനാചരണം നടത്തും.
30ന് സന്ധ്യയ്ക്ക് ജില്ലയിലെ പ്രധാന സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ബോധവല്‍ക്കരണ ദീപം തെളിക്കും. ഡിസംബര്‍ 10 വരെ ജില്ലയിലെ 30 സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പിന്റെ സംസ്ഥാനതല നാടന്‍കലാ ജാഥ സംഘം പര്യടനം നടത്തുകയും പരിപാടി അവതരിപ്പിക്കുകയും ചെയ്യും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എയ്ഡ്‌സ് രോഗ നിര്‍ണയ ക്യാംപ് നടത്തും. തിരുവല്ല റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസിയുടെ തിരുവല്ല, അടൂര്‍ സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് ബോധവത്കരണ പ്രദര്‍ശനം നടത്തും. ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ആരോഗ്യവകുപ്പ് ചുട്ടിപ്പാറ നഴ്‌സിങ് കോളജില്‍ 27ന് രാവിലെ 10.30ന് സ്‌കിറ്റ് മല്‍സരം നടത്തും. ബ്ലോക്ക്തല മല്‍സരങ്ങളിലെ വിജയികളാകും ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുക. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ദിനാചരണത്തിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രസംഗ മല്‍സരങ്ങള്‍ നടത്തും.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ഗ്രേസി ഇത്താക്ക്, ഡെപ്യുട്ടി ഡിഎംഒ ടി അനിതാകുമാരി പരിപാടികള്‍ വിശദീകരിച്ചു.
പത്തനംതിട്ട ഡിവൈഎസ്പി(അഡ്മിനിസ്‌ട്രേഷന്‍) ആര്‍ പ്രദീപ് കുമാര്‍, ഡിഎംഒ(ആയുര്‍വേദം) ഡോ. ഷേര്‍ളി മാത്യു, ഡിഎംഒ(ഹോമിയോ) ഡോ.സി.എസ് പ്രദീപ്, ജില്ലാ ടിബി ഓഫിസര്‍ ഡോ. ജെ മണികണ്ഠന്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. എം എസ് സുനില്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളുടെ പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it