എയര്‍ കേരളയുടെ ചിറകരിഞ്ഞു; ടാറ്റയ്ക്ക് പച്ചക്കൊടി

കബീര്‍ എടവണ്ണ

ദുബയ്: വ്യോമയാന നിയമ ഭേദഗതിക്കായി പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികള്‍ക്ക് കേന്ദ്രമന്ത്രിസഭാ തീരുമാനം തിരിച്ചടിയായി. സ്വന്തം വിമാനമെന്ന എയര്‍ കേരള സ്വപ്നം ചിറകരിഞ്ഞ അവസ്ഥയിലെത്തിയിരിക്കുകയാണിപ്പോള്‍.
എയര്‍ കേരള തുടങ്ങാന്‍ ഇതുവരെ തടസ്സമായിരുന്നത് വിദേശ സര്‍വീസിന് ചുരുങ്ങിയത് 20 വിമാനവും 5 വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയവും വേണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിയമമായിരുന്നു. ഇതു രണ്ടും മാറ്റണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ നിയമം കേന്ദ്ര സര്‍ക്കാര്‍ ഭാഗികമായി ഇളവുചെയ്തു. പക്ഷേ ഇത് എയര്‍ കേരള വിമാന പദ്ധതിക്ക് ഒരു ഗുണവും ചെയ്യില്ല. 20 വിമാനമെങ്കിലും വേണമെന്നത് പുതിയ ഭേദഗതിയിലും നിലനിര്‍ത്തി. 20 വിമാനമെങ്കിലും വേണമെന്നതാണ് എയര്‍ കേരളയ്ക്കു തടസ്സമാവുക. തുടക്കത്തില്‍ തന്നെ ഇത്രയും വിമാനങ്ങളുമായി സര്‍വീസ് തുടങ്ങുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്.
ശക്തമായ സാമ്പത്തിക ഭദ്രത ഉണ്ടെങ്കില്‍ പോലും 20 പുതിയ വിമാനം വാങ്ങണമെങ്കില്‍ 5 മുതല്‍ 8 വര്‍ഷം വരെ കാത്തിരിക്കണം. വിമാനം വാടകയ്‌ക്കെടുക്കണമെങ്കില്‍ പോലും 2 വര്‍ഷമെടുക്കും. 20 വിമാനം ഉണ്ടെങ്കില്‍ തന്നെ മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചുരുങ്ങിയത് 40 സര്‍വീസെങ്കിലും നടത്തിയാല്‍ മാത്രമായിരിക്കും സാമ്പത്തികനേട്ടം ലഭിക്കുക. നാല്‍പ്പതു പോയിട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് 10 സര്‍വീസ് നടത്താന്‍ പോലും അനുമതി കിട്ടാന്‍ പ്രയാസമാണ്.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മസ്‌കത്ത് വോമയാന പാതയില്‍ ഇപ്പോള്‍ തന്നെ ഏറെ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഈ മേഖലയില്‍ രണ്ട് മിനിറ്റ് ഇടവിട്ടാണ് വിമാനങ്ങള്‍ക്കു പറക്കാന്‍ അനുമതിയുള്ളത്. കടുത്ത സാമ്പത്തിക ബാധ്യതയുള്ള കേരള സര്‍ക്കാരിന് ഈ അവസ്ഥയില്‍ 20 വിമാനം വാടകയ്ക്ക് എടുത്തു പോലും സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് കേരളത്തിലെ ട്രാവല്‍ രംഗത്തെ പ്രമുഖനായ ഇ എം നജീബ് പറഞ്ഞു.
ടാറ്റയുടെ വിസ്താര, എയര്‍ ഏഷ്യ തുടങ്ങിയ വിമാന കമ്പനികള്‍ക്കായിരിക്കും പുതിയ ഭേദഗതി ഗുണം ചെയ്യുക. നിലവില്‍ ആഭ്യന്തര സര്‍വീസ് മാത്രം നടത്തുന്ന വിസ്താരയ്ക്കും എയര്‍ ഏഷ്യക്കും താമസിയാതെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് തുടങ്ങാന്‍ കഴിയും. ടാറ്റ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായി നടത്തുന്ന വിസ്താരയ്ക്ക് വിദേശ സര്‍വീസ് നടത്താന്‍ വേണ്ടിയാണ് നിയമ ഭേദഗതി കൊണ്ടുവരുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it