thrissur local

എയര്‍ കണ്ടീഷന്‍ സംവിധാനം തകരാറിലായി: താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടാഴ്ച്ച 

ചാവക്കാട്: താലൂക്കാശുപത്രിയില്‍ രക്തബാങ്ക് പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടാഴ്ച്ച. കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായി യുവതി മരിക്കാനിടയാക്കിയത് രക്ത ബാങ്കിന്റെപ്രവര്‍ത്തനം അവതാളത്തിലായതാണെന്ന ആരോപണം ഇതോടെ ശക്തമായി.
ചാവക്കാട് താലൂക്കാശുപത്രിയില്‍ എയര്‍ കണ്ടീഷന്‍ തകരാറിലായതോടെയാണ് രക്തം ശേഖരിച്ചു വെക്കാനാവാത്ത അവസ്ഥയുണ്ടായത്. രണ്ടാഴ്ച്ച മുമ്പ് തകരാറിലായ എയര്‍ കണ്ടീഷന്‍ യൂനിറ്റ് കേട് പരിഹരിക്കുന്നതിനായി അഴിച്ചു മാറ്റിയിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
ചൊവ്വാഴ്ച്ച പ്രസവത്തിനു കയറ്റിയ യുവതിക്ക് അമിതമായ രക്തസ്രാവമുണ്ടായതിന്റെ കാരണം ഇനിയും അധികൃതര്‍ക്ക് വ്യക്തമായിട്ടില്ല. ചെറിയ ഓപറേഷനിലൂടെവേണം ഇത് കണ്ടത്തൊനെന്നും വിശദീകരണമുണ്ട്.
അതുവരെ രക്തം നിലക്കാതിരിക്കുകയും പകരം രക്തം കയറ്റാനാവാത്ത സാഹചര്യവുമാണ് യുവതിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ കാരണമായത്. മാത്രമല്ല ഇത്തരത്തിലൊരു ശസ്ത്രക്രിയക്കുള്ള സൗകര്യവും താലൂക്കാശുപത്രിയിലില്ലെന്നും അധികൃതര്‍ പറയുന്നുണ്ട്.
രക്ത ബാങ്ക് പ്രവര്‍ത്തിച്ചാല്‍ തന്നെ രക്ത ബാങ്കിലെ തണുപ്പില്‍ രക്തമെടുത്ത് സാധാരണ അവസ്ഥയിലാകുന്നതുവരെ കാത്തുവെക്കാനും കഴിയാത്ത സാഹചര്യമായിരുന്നു മരിച്ച ആബിദയുടെ അവസ്ഥയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it