Music

എയര്‍ ഏഷ്യ ദുരന്തം: കേടായ യന്ത്രഭാഗം അപകടകാരണം

ജക്കാര്‍ത്ത/സിംഗപ്പൂര്‍: കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 162 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഏഷ്യ ദുരന്തത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന് യന്ത്രഭാഗങ്ങളിലെ കേടുപാടുകളാണെന്ന് ഇന്തോനീസ്യയുടെ ഔദ്യോഗിക റിപോര്‍ട്ട്.
അപകടം സംഭവിക്കുന്നതിനുമുമ്പ് പറക്കലിനിടെ നാലു തവണ വിമാനത്തിന്റെ നിയന്ത്രണസംവിധാനത്തിനു തകരാര്‍ വന്നിരുന്നതായി റിപോര്‍ട്ടില്‍ പറയുന്നു.
ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ഇന്തോനീസ്യയിലെ ദേശീയ ഗതാഗത സുരക്ഷാ അതോറിറ്റിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. 2014 ഡിസംബര്‍ 28നാണ് ഇന്തോനീസ്യയിലെ സുരബായയില്‍ നിന്നു സിംഗപ്പൂരിലേക്കു പോവുകയായിരുന്ന എയര്‍ബസ് എ 320-200 ജാവാകടലില്‍ തകര്‍ന്നുവീണത്.
കാലാവസ്ഥാപ്രശ്‌നം അപകടത്തിനു കാരണമായെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍.
നിയന്ത്രണ സംവിധാനത്തിലെ ഇലക്ട്രോണിക് ഭാഗത്തിന്റെ സോള്‍ഡറിങ് പൊട്ടിയിരുന്നതായി പുതിയ റിപോര്‍ട്ടില്‍ പറയുന്നു. തകരാറുള്ളതായി കണ്ടെത്തിയപ്പോള്‍ വിമാനത്തിലെ കംപ്യൂട്ടര്‍ സംവിധാനം റീസെറ്റ് ചെയ്യാന്‍ കോക്പിറ്റിലുള്ളവര്‍ ശ്രമിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.
കംപ്യൂട്ടര്‍ റീസെറ്റ് ചെയ്തതോടെ വിമാനത്തിലെ ഓട്ടോപൈലറ്റ് സംവിധാനം പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 23 തവണ ഇത്തരം തകരാറുകള്‍ വിമാനത്തില്‍ കണ്ടെത്തിയിരുന്നു.
കാബിന്‍ ക്രൂവിലുള്ളവര്‍ക്ക് ഈ പ്രശ്‌നത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നെങ്കിലും പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നും റിപോര്‍ട്ട് പറയുന്നു.
പൈലറ്റും സഹപൈലറ്റും തമ്മില്‍ ആശയവിനിമയത്തില്‍ പാളിച്ച വന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it