എയര്‍ ഇന്ത്യ വിമാനം എത്തിയത് 27 മണിക്കൂര്‍ വൈകി

നെടുമ്പാശ്ശേരി: യാത്രക്കാര്‍ക്കു ദുരിതം നല്‍കി 27 മണിക്കൂര്‍ വൈകി അബൂദബി- കൊച്ചി എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. ഞായറാഴ്ച വൈകീട്ട് അബൂദബിയില്‍ നിന്നു പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ 2.30തിന് എത്തേണ്ട എയര്‍ ഇന്ത്യ വിമാനം 27 മണിക്കൂര്‍ വൈകി ഇന്നലെ രാവിലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.
മുന്‍വശത്തെ ചില്ല് തകര്‍ന്നതാണു വിമാനം വൈകാന്‍ കാരണമായതത്രെ. വിമാനം ഒരുദിവസത്തിലധികം വൈകിയതുമൂലം യാത്രക്കാരും ഇവരെ സ്വീകരിക്കാന്‍ എത്തിയവരും ഏറെ ബുദ്ധിമുട്ടി. വിമാനത്തിന്റെ തകര്‍ന്ന ചില്ല് നേരെയാക്കി സര്‍വീസ് നടത്തുവാന്‍ വൈകുമെന്ന് അറിയാമായിരുന്നിട്ടും എയര്‍ ഇന്ത്യ അധികൃതര്‍ പകരം സംവിധാനമെന്ന നിലയില്‍ യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ കയറ്റി കൊച്ചിയില്‍ എത്തിക്കുവാന്‍ ശ്രമിച്ചില്ല. വിമാനം മുടങ്ങിയതിനെത്തുടര്‍ന്നു യാത്രക്കാര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാത്തതിലും യാത്രക്കാരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. രണ്ടുദിവസത്തെ അവധിയെടുത്ത് നാട്ടിലേക്കു തിരിച്ചവരില്‍ പലര്‍ക്കും കാര്യം നടത്താതെ മടങ്ങിപ്പോവേണ്ട അവസ്ഥയുമുണ്ടായി. ഗള്‍ഫ് സെക്ടറിലെ എയര്‍ ഇന്ത്യ യാത്രക്കാരില്‍ 90 ശതമാനത്തിലധികം യാത്രക്കാരും മലയാളികളാണ്.
Next Story

RELATED STORIES

Share it