Editorial

എമിഗ്രേഷന്‍ നിയമം: പരിഷ്‌കരണം സ്വാഗതാര്‍ഹം

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍പ്രശ്‌നങ്ങളും സുരക്ഷാഭീഷണിയും നേരിടുന്നതിനു കുടിയേറ്റ നിയമം പരിഷ്‌കരിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. 1983ല്‍ അംഗീകരിച്ച കുടിയേറ്റ നിയമമാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്. ഇന്ത്യന്‍ കുടിയേറ്റ നിയമം സമഗ്രമായി പരിഷ്‌കരിക്കണമെന്ന ആവശ്യം ഏറെക്കാലമായി പ്രവാസികള്‍ ഉന്നയിക്കുന്ന ആവശ്യമാണ്. അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പുതിയ കുടിയേറ്റ നിയമം അവതരിപ്പിക്കുമെന്നാണ് വിദേശ മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശക്തമായ നിയമങ്ങളുടെ അഭാവത്തില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്കാണ് വിദേശ നാടുകളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ വിധേയരാകുന്നത്. റിക്രൂട്ട്‌മെന്റ് രംഗത്തും തൊഴിലിടങ്ങളിലും ചൂഷണം നടക്കുന്നു.

സീസണ്‍ വിസകളും സന്ദര്‍ശക വിസകളും തൊഴില്‍ വിസകളെന്ന് തെറ്റിദ്ധരിപ്പിച്ച് വഞ്ചിക്കുന്നത് പതിവാണ്. വാഗ്ദാനം ചെയ്ത ശമ്പളവും ആനുകൂല്യവും ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തുന്ന റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരേ നടപടികള്‍ ഉണ്ടാവാറില്ല. നിലവിലുള്ള നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ രക്ഷപ്പെടാറുള്ളത്. ഇത്തരം പഴുതുകള്‍ പൂര്‍ണമായും ഇല്ലാതാക്കിയാവണം പുതിയ നിയമം. തൊഴിലാളികള്‍ പ്രശ്‌നത്തില്‍ കുടുങ്ങുന്നപക്ഷം റിക്രൂട്ട്‌മെന്റ് ഏജന്‍സിക്കെതിരേ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ഭേദഗതികളാണ് പരിഗണനയിലുള്ളത്. എമിഗ്രേഷന്‍ നടപടികള്‍ സുതാര്യവും ലളിതവും ഫലപ്രദവും അതിലേറെ മനുഷ്യത്വപരവുമാക്കുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

പുതിയ കുടിയേറ്റ നിയമം വരുന്നതോടെ തൊഴില്‍പീഡനം അടക്കമുള്ള വിഷയങ്ങളില്‍ മറ്റു രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുമായും എംബസികളുമായും കൂടുതല്‍ സഹകരിക്കുന്നതിന് അവസരമൊരുങ്ങും. പരാതികള്‍ ലഭിക്കുന്നപക്ഷം ബന്ധപ്പെട്ട റിക്രൂട്ടിങ് ഏജന്‍സികള്‍ക്കു നേരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിനു പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. തൊഴില്‍ തേടിപ്പോകുന്ന നാടുകളിലെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണം, സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങുന്നവര്‍ക്ക് നിയമസഹായം തുടങ്ങിയ മേഖലകളില്‍ കൂടി വ്യക്തമായ വ്യവസ്ഥകള്‍ക്ക് രൂപം നല്‍കേണ്ടതുണ്ട്. തൊഴില്‍പ്രശ്‌നം നേരിടുന്ന തൊഴിലാളി താല്‍പ്പര്യപ്പെടുന്നപക്ഷം വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിനും സംവിധാനം ആവിഷ്‌കരിക്കേണ്ടതുണ്ട്. മുഖ്യമായും ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയമപരിഷ്‌കരണത്തിനുള്ള നീക്കം. ഗള്‍ഫില്‍ ഏഴു ദശലക്ഷം ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. സൗദി അറേബ്യയില്‍ മാത്രം ഏതാണ്ട് മൂന്നു ദശലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. സൗദിയിലെ റിയാദില്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരിയുടെ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമപരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമം നടത്തുന്നത്. ഏറെ കാലതാമസം നേരിട്ടുവെങ്കിലും പുതിയ കുടിയേറ്റ നിയമത്തിനുള്ള നീക്കം സ്വാഗതാര്‍ഹമാണ്.
Next Story

RELATED STORIES

Share it