എഫ്-16 യുദ്ധവിമാനങ്ങള്‍ പാകിസ്താന് യുഎസ് വില്‍ക്കുന്നു; ശക്തമായ എതിര്‍പ്പുമായി ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താന് യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള തീരുമാനത്തിന് യുഎസ് ഭരണകൂടം അന്തിമാനുമതി നല്‍കി. ഇതിനെതിരേ ശക്തമായ എതിര്‍പ്പുമായി ഇന്ത്യ. ഡല്‍ഹിയിലെ യുഎസ് സ്ഥാനപതി റിച്ചാര്‍ഡ് ശര്‍മയെ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
രാത്രിയും പകലും ഏതു കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന എഫ്-16 ശ്രേണിയിലെ എട്ടു യുദ്ധവിമാനങ്ങളാണ് 70 കോടി ഡോളറിന് പാകിസ്താന് വില്‍ക്കുക. അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ തന്നെ ചിലരുടെ എതിര്‍പ്പ് മറികടന്നാണ് കരാറുമായി മുന്നോട്ടുപോവാന്‍ ഒബാമ ഭരണകൂടം തീരുമാനിച്ചത്.
നടപടിക്കെതിരേ ഡെമോക്രാറ്റുകളും റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരും രംഗത്തുണ്ട്. പാകിസ്താന് യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നത് യുഎസിന്റെ വിദേശനയവുമായും ആഭ്യന്തര സുരക്ഷയുമായും ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഉപകരിക്കുമെന്ന് പെന്റഗണിന്റെ ഭാഗമായ പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ദക്ഷിണേഷ്യയിലെ തന്ത്രപ്രധാനമായ സഖ്യരാജ്യമാണ് പാകിസ്താനെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
സുരക്ഷാഭീഷണി നേരിടാനുള്ള പാകിസ്താന്റെ ശേഷി മെച്ചപ്പെടുത്താന്‍ ഇപ്പോഴത്തെ ആയുധക്കച്ചവടത്തിലൂടെ സാധിക്കും. ദക്ഷിണേഷ്യയിലെ സൈനിക സന്തുലിതത്വത്തെ കരാര്‍ ബാധിക്കില്ലെന്നും പെന്റഗണ്‍ അവകാശപ്പെട്ടു. എന്നാല്‍, യുഎസ് നടപടി ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. പാകിസ്താന് യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള യുഎസ് തീരുമാനത്തില്‍ നിരാശയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇത്തരം ആയുധക്കച്ചവടം ഭീകരതയെ നേരിടാന്‍ സഹായകരമാണെന്ന അമേരിക്കയുടെ വാദത്തോട് ശക്തമായി വിയോജിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷത്തെ അനുഭവം ഇതിന് തെളിവാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it