Districts

എഫ്‌സിഐയില്‍ ഉദ്യോഗാര്‍ഥിക്ക് വ്യാജ നിയമനം

കെ അരുണ്‍ലാല്‍

കോഴിക്കോട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫുഡ് കോ ര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ)യില്‍ ഉദ്യോഗാര്‍ഥിക്കു വ്യാജ നിയമന ഉത്തരവ് നല്‍കി. കോഴിക്കോട് ചേളന്നൂര്‍ സ്വദേശിനി താഴത്തുകണ്ടിയില്‍ പദ്‌മേഷിന്റെ ഭാര്യ സന്ധ്യക്കാണ്  വ്യാജ നിയമന ഉത്തരവ് നല്‍കിയത്. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന എഫ്‌സിഐയുടെ ഗോഡൗണിലേക്ക് ക്ലാര്‍ക്കായി ദിവസവേതനാടിസ്ഥാനത്തിലാണ്  വ്യാജ നിയമന ഉത്തരവ് നല്‍കിയത്. എഫ്‌സിഐയുടെ പേരില്‍ തയ്യാറാക്കിയ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ചാണു യുവതിക്കു നിയമന ഉത്തരവു നല്‍കിയത്. 2015 ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമനം എന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്.

ലഭിച്ച നിയമന ഉത്തരവുമായി യുവതി കോഴിക്കോട് എഫ്‌സിഐയില്‍ എത്തിയപ്പോഴാണ് ഇത്തരമൊരു നിയമന ഉത്തരവ് തങ്ങള്‍ അറിഞ്ഞതല്ലെന്ന് എഫ്‌സിഐ അധികൃതര്‍ നിലപാടെടുത്തത്. കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയായ ലോക് ജന്‍ശക്തി പാര്‍ട്ടി (എല്‍ജെപി)യുടെ കേരള സംസ്ഥാന പ്രസിഡന്റ് മെഹബൂബ്, സംസ്ഥാന നേതാവ് ഇഖ്ബാല്‍ എന്നിവര്‍ക്കു കേന്ദ്ര ഭരണത്തിന്റെ ബലത്തില്‍ എഫ്‌സിഐയുടെ കേരള സര്‍ക്കിളില്‍ ബോര്‍ഡ് മെംബര്‍മാരായി നിയമനം നല്‍കിയിരുന്നു. ഈ അധികാരം ഉപയോഗിച്ചാണു യുവതിക്ക് എഫ്‌സിഐയുടെ കോഴിക്കോട് ഗോഡൗണില്‍ വ്യാജ നിയമനം നല്‍കിയത്.

എന്നാല്‍ എത്ര തുകയാണു യുവതി ഇതിനായി കൈക്കൂലിയായി നല്‍കിയത് എന്നു വ്യക്തമായില്ല. എഫ്‌സിഐയുടെ വ്യാജ ലെറ്റര്‍പാഡുപയോഗിച്ച് യുവതിയെ കബളിപ്പിച്ചതായി തെളിഞ്ഞെങ്കിലും എഫ്‌സിഐയുടെ ബോര്‍ഡ് മെംബര്‍മാര്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ ഇക്കാര്യം മൂടിവയ്ക്കുകയാണ്  അധികൃതര്‍ ചെയ്തത്.  എല്‍ജെപിയുടെ സംസ്ഥാന കമ്മിറ്റിയംഗമായ ഇഖ്ബാല്‍ ഇതിനുമുമ്പ് വ്യാജരേഖ ചമച്ചതിന് 40 ദിവസം ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്. എന്നാല്‍ സംഭവത്തില്‍ യുവതി പരാതിനല്‍കിയതായി അറിവില്ല. എന്നാല്‍ രണ്ടുദിവസം മുമ്പ് മാത്രമാണു സംഭവം തന്റെ ശ്രദ്ധയില്‍പെട്ടതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നുമായിരുന്നു എഫ്‌സിഐ കോഴിക്കോട് ഏരിയാ മാനേജര്‍ ഡോ. സി ടി സുനില്‍കുമാര്‍ തേജസിനോട് പ്രതികരിച്ചത്.
Next Story

RELATED STORIES

Share it