Sports

എഫ്എ കപ്പിലൂടെ മാഞ്ചസ്റ്ററിന്റെ തിരിച്ചുവരവ്

എഫ്എ കപ്പിലൂടെ മാഞ്ചസ്റ്ററിന്റെ തിരിച്ചുവരവ്
X
Lingard

ലണ്ടന്‍: കഴിഞ്ഞ സീസണില്‍ തുടങ്ങിയ കഷ്ടക്കാലത്തിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അതികായന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അറുതിയിട്ടു. 2014-15 സീസണില്‍ ഒരു കിരീടം പോലും നേടാനാവാതെ നിരാശപ്പെടുത്തിയ മാഞ്ചസ്റ്റര്‍ 2015-16 സീസണില്‍ ആ ചീത്തപേര് മാറ്റി. ഒരിടവേളയ്ക്കു ശേഷം എഫ്എ കപ്പില്‍ മുത്തമിട്ടാണ് റെഡ് ഡെവിള്‍സ് തങ്ങളുടെ തിരിച്ചുവരവ് സൂചനകള്‍ എതിരാളികള്‍ക്ക് നല്‍കിയിരിക്കുന്നത്. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ ക്രിസ്റ്റല്‍ പാലസിനെയാണ് മാഞ്ചസ്റ്റര്‍ വീഴ്ത്തിയത്. അധികസമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്ററിന്റെ ജയം. 12 വര്‍ഷത്തിനു ശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ എഫ്എ കപ്പ് സ്വന്തമാക്കുന്നത്. ഡച്ച് പരിശീലകന്‍ ലൂയിസ് വാന്‍ഗാലിനു കീഴില്‍ മാഞ്ചസ്റ്ററിന്റെ ആദ്യ കിരീട നേട്ടം കൂടിയാണിത്. ഈ കിരീട നേട്ടത്തോടെ എഫ്എ കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായ ആഴ്‌സനലിന്റെ റെക്കോഡിനൊപ്പമെത്താനും മാഞ്ചസ്റ്ററിന് സാധിച്ചു. ഇരു ടീമും 12 തവണയാണ് എഫ്എ കപ്പ് സ്വന്തമാക്കിയത്. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ മാഞ്ചസ്റ്ററിന് ശക്തമായ വെല്ലുവിളിയാണ് ക്രിസ്റ്റല്‍ പാലസില്‍ നിന്ന് എതിരിടേണ്ടിവന്നത്. ഗോള്‍രഹിതമായ ഒന്നാംപകുതിക്കു ശേഷമായിരുന്നു ഇരു ടീമും ലക്ഷ്യംകണ്ടത്. പന്തടക്കത്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന മാഞ്ചസ്റ്ററിനെ ഞെട്ടിച്ച് 78ാം മിനിറ്റില്‍ ജാസണ്‍ പുഞ്ചിയോണിലൂടെ പാലസാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍, മൂന്ന് മിനിറ്റുകള്‍ക്കകം യുവാന്‍ മാറ്റയിലൂടെ മാഞ്ചസ്റ്റര്‍ മല്‍സരത്തില്‍ ഒപ്പമെത്തി. പിന്നീട് ഇരു ടീമിനും വിജയഗോള്‍ നേടാന്‍ കഴിയാതെ പോയതോടെ മല്‍സരം അധികസമയത്തേക്ക് നീളുകയായിരുന്നു. 105ാം മിനിറ്റില്‍ കളിയിലെ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് ക്രിസ് സ്മാളിങ് പുറത്തായതോടെ മാഞ്ചസ്റ്റര്‍ 10 പേരായി ചുരുങ്ങി. എന്നാല്‍, പകരക്കാരനായിറങ്ങിയ ജെസ്സെ ലിങാര്‍ഡ് 110ാം മിനിറ്റില്‍ ബുള്ളറ്റ് ഷോട്ടിലൂടെ മാഞ്ചസ്റ്ററിന് അവിസ്മരണീയ ജയം നേടിക്കൊടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it