എപ്പോഴും, എവിടെയും ഈ ശുചിത്വസേന

കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേള വാശിയോടെ പുരോഗമിക്കുമ്പോള്‍ ഒരു കൂട്ടം പേര്‍ വേദിയെയും പരിസരത്തെയും ഒരു മല്‍സരത്തില്‍ പങ്കെടുക്കുന്നതിന്റെ ത്രില്ലോടെ ശുചിയാക്കുകയാണ്. ശുചിത്വസേനയെന്ന് പേരിട്ടിരിക്കുന്ന പച്ചക്കുപ്പായമണിഞ്ഞ പെണ്‍പടയെ വേദിയുടെ മുക്കിലും മൂലയിലും കാണാം. മല്‍സരവേദികളെ ഗ്രീന്‍ സോണാക്കുമെന്ന വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ പ്രഖ്യാപനമാണ് ഇത്തരമൊരു പുതിയ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കാരണം.
കേരളം വേദിയായ കഴിഞ്ഞ ദേശീയ ഗെയിംസിലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. ഗെയിംസില്‍ വന്‍ വിജയമായതോടെ ഈ മാസം തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലും ഗ്രീന്‍ സോണ്‍ വിജയകരമായി നടപ്പാക്കി. സ്‌കൂള്‍ കായികമേളയില്‍ ഇതാദ്യമായാണ് ശുചിത്വസേനയെ രംഗത്തിറക്കുന്നത്. കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫിസര്‍ കൃപയാണ് സ്‌കൂള്‍ മീറ്റില്‍ ശുചിത്വസേനയെ നയിക്കുന്നത്. കോഴിക്കോട്ടു തന്നെയുള്ള പ്രൊവിഡന്‍സ് വനിതാ കോളജിലെ 100 കുട്ടികളാണ് ശുചിത്വസേനയുടെ കരുത്ത്. ഓരോ ദിവസവും ഇവരില്‍ 50 പേരെ മാറി മാറി പരീക്ഷിക്കുമെന്ന് പ്രോഗ്രാം ഓഫിസര്‍ കൃപ വ്യക്തമാക്കി.
മീറ്റ് ആരംഭിക്കുന്നതിനു മുമ്പ് കുട്ടികള്‍ക്ക് ഒരു ദിവസത്തെ പരിശീലനവും നല്‍കിയിരുന്നു. വേദിയെയും പരിസരത്തെയും പരമാവധി ക്ലീന്‍ ആയി സുക്ഷിക്കാന്‍ ശുചിത്വസേന ടീമംഗങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നത്. വേദിക്കുള്ളിലേക്ക് പ്ലാസ്റ്റിക്ക് കുപ്പികള്‍ക്കും പാത്രങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് കുപ്പികളുമായി വേദിയിലെത്തുന്നവര്‍ക്കു 10 രൂപ പിഴ നല്‍കേണ്ടിവരും. പിഴയോടൊപ്പം കുപ്പിയില്‍ സ്റ്റിക്കര്‍ ഒട്ടിക്കുകയും ചെയ്യും. എന്നാല്‍ വേദിയില്‍ നിന്നു മടങ്ങുമ്പോള്‍ കുപ്പി തിരിച്ചുനല്‍കിയാല്‍ ഈ തുക മടക്കി നല്‍കുകയും ചെയ്യും.
Next Story

RELATED STORIES

Share it