Districts

എന്‍ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചു

തിരുവനന്തപുരം: പോലിസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഉത്തരമേഖലാ എഡിജിപി എന്‍ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചു. എന്നാല്‍, വിജിലന്‍സ് ഡയറക്ടറുടെ ചുമതല അദ്ദേഹത്തിന് നല്‍കുമോയെന്ന് വ്യക്തമല്ല. ജേക്കബ് തോമസിന്റെ ഒഴിവിലാണ് നിയമനം. ബാര്‍കോഴയിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിന്‍സന്‍ എം പോള്‍ രാജിവച്ചതോടെ നിലവില്‍ വിജിലന്‍സ് ഡയറക്ടറുടെ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. എഡിജിപി ഷേക്ക് ദര്‍വേസ് സാഹിബിനാണ് നിലവില്‍ വിജിലന്‍സ് ഡയറക്ടറുടെ ചുമതല. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് തലപ്പത്തേയ്ക്ക് കൊണ്ടുവരാനാണ് നീക്കമെങ്കിലും എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഈ പദവി നല്‍കരുതെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനമാറ്റത്തോടെ എസ്‌സിആര്‍ബി എഡിജിപി ആയിരുന്ന നിതിന്‍ അഗര്‍വാള്‍ പുതിയ ഉത്തരമേഖലാ എഡിജിപിയാവും. കൊച്ചി റേഞ്ച് ഐജി ആയിരുന്ന എം ആര്‍ അജിത്കുമാറിനെ തൃശൂര്‍ റേഞ്ച് ഐജിയായും മഹിപാല്‍ യാദവിനെ എറണാകുളം റേഞ്ച് ഐജിയായും നിയമിക്കാന്‍ തിരുമാനിച്ചതായി ആഭ്യന്തരമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അതേസമയം, മൂന്നു ഡിജിപിമാരെ മറികടന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ശങ്കര്‍ റെഡ്ഡിക്ക് നല്‍കാനുള്ള നീക്കത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. ജയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ്, ജേക്കബ് തോമസ് എന്നീ മൂന്നുപേരില്‍ നിന്നും ഒരാളെയാണ് വിജിലന്‍സ് തലപ്പത്തേക്ക് പരിഗണിക്കേണ്ടത്. എന്നാല്‍, സര്‍ക്കാരുമായി ഏറ്റമുട്ടലിനില്ലാത്ത ഉദ്യോഗസ്ഥരെ വിജിലന്‍സിന്റെ തലപ്പത്തേക്ക് കൊണ്ടുവരാനുള്ള തീരുമാനമാണ് ശങ്കര്‍ റെഡ്ഡിക്ക് സാധ്യത വര്‍ധിപ്പിക്കുന്നത്.  ഡിജിപിയാകുന്ന ഋഷിരാജ് സിങിന് ആഭ്യന്തരവകുപ്പില്‍ തന്നെ നിയമനം ലഭിക്കാനും സാധ്യതയില്ല. ശങ്കര്‍റെഡ്ഡി നേരത്തെയും വിജിലന്‍സിന്റെ തലപ്പത്തുണ്ടായിരുന്നു. പാമൊലിന്‍ കേസിന്റെ മേല്‍നോട്ട ചുമതല ശങ്കര്‍ റെഡ്ഡിക്കായിരുന്നു. ഈമാസം 30ന് നാല് എസ്പിമാര്‍ വിരമിക്കുകയും ചില ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം ലഭിക്കുകയും ചെയ്യുന്നതോടെ പോലിസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിയുണ്ടാവും.
Next Story

RELATED STORIES

Share it