എന്‍ഡോസള്‍ഫാന്‍ സമ്മാനിച്ച അന്ധതയെ മറികടന്ന് ദേവികിരണ്‍

കെ പി ഒ റഹ്മത്തുല്ല

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമ്മാനിച്ച അന്ധതയെ മറികടന്ന് ദേവികിരണ്‍. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ 16കാരന്‍ ചന്ദ്രഗിരിപ്പുഴയുടെ ഗദ്ഗദം പേറിയാണ് കലോല്‍സവ വേദിയിലെത്തിയത്. ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും ലളിതഗാനത്തില്‍ എ ഗ്രേഡുമാണ് ലഭിച്ചത്.
ജന്മനാ പ്രകാശം കടക്കാത്ത നേത്രങ്ങളുമായാണ് ഈ കുട്ടി പിറന്നത്. ഇത്രയും കാലം സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ മാത്രം പങ്കെടുത്ത് വിജയങ്ങള്‍ കൊയ്ത ദേവികിരണിന്റെ ആദ്യ സ്‌കൂള്‍ കലോല്‍സവമായിരുന്നു ഇത്. എന്‍മകജെ വാണിനഗര്‍ അന്നോത്തടുക്കയിലെ ഈശ്വരനായ്ക്കിന്റെയും പുഷ്പലതയുടെയും മകനായി പിറന്ന കിരണ്‍ ചെറുപ്പത്തില്‍ തന്നെ സംഗീതം പഠിച്ചിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന്‍ അതിനുവേണ്ട സഹായങ്ങള്‍ ചെയ്തു. കാസര്‍കോട് വിദ്യാനഗറിലെ അന്ധവിദ്യാലയത്തിലായിരുന്നു ഇത്രയും കാലം പഠിച്ചിരുന്നത്. പത്താംതരം പാസായതിനു ശേഷം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്നു.
സംഗീതപഠനത്തില്‍ കാഞ്ഞങ്ങാട്ട് ടി പി ശ്രീനിവാസനായിരുന്നു ഗുരു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കലോല്‍സവത്തിലെ ആദ്യവിജയി എന്ന ബഹുമതിയും ഈ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കുള്ളതാണ്. ഇരുട്ടിനെ കീറിമുറിച്ചാണ് സംഗീതലോകത്ത് ദേവികിരണിന്റെ ശബ്ദം മുഴങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കലോല്‍സവ വേദിയില്‍ നാട്ടുകാരുടെ അഭിമാനമായ ഈ മല്‍സരാര്‍ഥിയുടെ ശബ്ദം ശാസ്ത്രീയസംഗീത വേദിയില്‍ ഉയര്‍ന്നത്. എന്‍ഡോസള്‍ഫാനെയും തോല്‍പിച്ച് ദേവികിരണ്‍ സ്വാതി തിരുനാള്‍ കോളജ് ഓഡിറ്റോറിയത്തില്‍ സരസിജനാഭ കീര്‍ത്തനം ആലപിച്ചപ്പോള്‍ ആസ്വാദകര്‍ നിര്‍ത്താതെ ഹര്‍ഷാരവം മുഴക്കി.
സ്‌കൂള്‍ അധ്യാപകരാണ് മുഴുവന്‍ ചെലവും വഹിച്ച് രണ്ടു സഹപാഠികളോടൊപ്പം ഈ മല്‍സരാര്‍ഥിയെ തലസ്ഥാനത്തേക്കയച്ചത്. ഇന്നലെയായിരുന്നു ദേവികിരണിന്റെ കലോല്‍സവ വേദിയിലെ രണ്ടാം അരങ്ങേറ്റം. ലളിതഗാന മല്‍സരത്തില്‍ 'പാട്ടുമറന്നൊരു വീണയില്‍ നീ നിന്റെ കൈവിരല്‍തുമ്പാല്‍ തൊട്ടുണര്‍ത്തി' എന്നു തുടങ്ങുന്ന പ്രാര്‍ഥനാഗാനമാണ് ആലപിച്ചത്. ആ നൊമ്പര ഗാനം കേട്ടവരെല്ലാം കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it