എന്‍ഡോസള്‍ഫാന്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന അനിശ്ചിതകാല പട്ടിണിസമരം പിന്‍വലിച്ചു. പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സംയുക്ത സമരക്കാരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എണ്ണം പുതുക്കിനിശ്ചയിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. നിലവില്‍ 5387 പേര്‍ എന്നതിനൊപ്പം 610 പേരെ കൂടി പുതുതായി ഉള്‍പ്പെടുത്തും. ധനസഹായ വിതരണത്തിന് ഇവരെ മൂന്നു ഗണത്തില്‍പ്പെടുത്തും. ഒരുലക്ഷം, രണ്ടു ലക്ഷം, മൂന്നു ലക്ഷം എന്നിങ്ങനെയാണ് സഹായം നല്‍കുക. ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളും. പുതിയ ഗുണഭോക്താക്കളെ നിശ്ചയിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഈ മാസം 5 മെഡിക്കല്‍ ക്യാംപുകള്‍ കൂടി മേഖലയില്‍ തുറക്കും. കാന്‍സര്‍ ബാധിതരെയും ദുരിതബാധിതരായി പരിഗണിച്ച് ഇവര്‍ക്കും എന്‍ഡോസള്‍ഫാന്‍ പാക്കേജിന്റെ ഗുണഫലം ലഭ്യമാക്കും. മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ അധികശമ്പളം നല്‍കാനും തീരുമാനമായി.
വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തീകരിക്കും. 2014 ജനുവരി 26ന് മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ടാണ് എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളും അമ്മമാരും ഒമ്പതുദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിവന്നത്. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്നലെ വീണ്ടും ചര്‍ച്ച നടത്തിയത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശപ്രകാരമുള്ള അടിയന്തര സഹായം നല്‍കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുക, ദുരിതബാധിതരെ മുഴുവന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, ബഡ്‌സ് സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. പ്രതിപക്ഷ നേതാവിന് പുറമെ കാസര്‍കോട്ടുനിന്നുള്ള എംഎല്‍എമാരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it