kasaragod local

എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാംപുകളില്‍ പങ്കെടുക്കാന്‍ 14 വരെ അപേക്ഷിക്കാം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക പുതുക്കുന്നതിനായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാംപുകളില്‍ പങ്കെടുക്കാന്‍ 14 വരെ അപേക്ഷിക്കാം. പട്ടികയില്‍ ഉള്‍പ്പെടാത്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായാണ് മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പദ്ധതികളുടെ പുരോഗതി അവലോകനയോഗത്തിലാണ് ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നിര്‍ദ്ദേശം നല്‍കിയത്. കലക്ടറുടെ ചേമ്പറിലാണ് യോഗം ചേര്‍ന്നത്. പട്ടികയില്‍ ഉള്‍പ്പെടാത്ത ദുരിതബാധിതര്‍ അതാത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് അപേക്ഷ നല്‍കേണ്ടത്. ഫെബ്രുവരി ആദ്യ വാരത്തില്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും.
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി പ്രകാശം പൂര്‍ത്തിയാക്കിയ 131 പ്രവര്‍ത്തികളുടെ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലയിലെ ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാരുടെ നിലവിലെ ഒഴിവുകള്‍ നികത്തും. യോഗത്തില്‍ നബാര്‍ഡ്, ആര്‍ഐഡിഎഫ് പദ്ധതികളുടെ അവലോകനവും നടന്നു. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ നടത്തിപ്പിനുള്ള തടസ്സങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. പി കെ ജയശ്രീ, എന്‍ ദേവീദാസ്, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹറ, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം കെ കൃഷ്ണഭട്ട്, കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്‌ന, എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് അഷീല്‍, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, ഡോ. എ വി സുഹറ, ഡോ. എം എസ് ഷീബ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it