എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായം; വ്യാജ അവകാശ വാദങ്ങളുമായി സര്‍ക്കാര്‍ പരസ്യം 

എ പി വിനോദ്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പേരില്‍ സര്‍ക്കാര്‍ നല്‍കിയ പരസ്യം വിവാദമാവുന്നു. റിപബ്ലിക് ദിനത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അമ്മമാര്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ച അനിശ്ചികാല നിരാഹാര സത്യഗ്രഹത്തെ പ്രതിരോധിക്കാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യമാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കരുതല്‍-2015 എന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ആനുകൂല്യത്തിനെത്തിയ രണ്ടു കുട്ടികളുടെ ചിത്രമാണ് സര്‍ക്കാര്‍ പരസ്യത്തിന് നല്‍കിയത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 150.71 കോടി രൂപ എന്ന തലവാചകത്തില്‍ 26ലെ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ഫോട്ടോ നല്‍കുന്നുണ്ട്. അതിനു നല്‍കിയ അടിക്കുറിപ്പാവട്ടെ ഇവരുടെ സംരക്ഷണം നമ്മുടെ കടമ എന്നതാണ്. എന്നാല്‍ ചിത്രത്തിലുള്ള കുട്ടികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിച്ചിട്ടില്ല. കാസര്‍കോട് മധൂര്‍ പഞ്ചായത്തിലെ ചെട്ടുംകുഴിയിലെ സീതി-മൈമുന ദമ്പതികളുടെ മക്കളായ 15 വയസ്സുകാരി ഷംനയും സഹോദരന്‍ ഒന്നരവയസ്സുകാരന്‍ ഹസനുമാണ് സര്‍ക്കാര്‍ പരസ്യത്തിലുള്ളത്.
2015 മാര്‍ച്ചില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പകര്‍ത്തിയ ഫോട്ടോയാണ് ഇതില്‍ കൊടുത്തിരിക്കുന്നത്. ഒസ്‌റ്റോജെനസിസ് ഇംപെര്‍ഫെക്ട (എല്ലുപൊടിയുന്ന അവസ്ഥ) എന്ന രോഗം ബാധിച്ചവരാണ് ഷംനയും ഹസനും. അന്നു മുഖ്യമന്ത്രി ഹസന് ഒരു ലക്ഷവും ഷംനയ്ക്ക് 35,000 രൂപയും ധനസഹായം അനുവദിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും ഈ തുക ലഭിച്ചിട്ടില്ല. 2011, 2013 വര്‍ഷങ്ങളില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മെഡിക്കല്‍ ക്യാംപുകളില്‍ ഷംന പങ്കെടുത്തിരുന്നെങ്കിലും ദുരിതബാധിത പഞ്ചായത്തിലല്ലെന്ന കാരണം പറഞ്ഞ് ഈ കുട്ടിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ജന്മനാ എല്ലുപൊടിയുന്ന അസുഖമുള്ള ഷംനയ്ക്ക് ചികില്‍സയ്ക്ക് 25 ലക്ഷം രൂപയോളം ചെലവായി. കൈകാലുകളില്‍ സ്റ്റീല്‍ ഘടിപ്പിച്ച നിലയിലാണ് ഷംന. അതുകൊണ്ടുതന്നെ ബഡ്‌സ് സ്‌കൂളില്‍ പോവാന്‍ കഴിയാത്ത സ്ഥിതിയിലുമാണ്. ഷംനയുടെ ദുരിതം രണ്ട് വര്‍ഷം മുമ്പ് തേജസ് വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് ഒരു പ്രവാസി വ്യവസായി ഒരു ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. ഈ ദമ്പതികളുടെ ഇളയ കുട്ടിയും എല്ല് പൊടിയുന്ന രോഗവുമായി കഴിഞ്ഞുകൂടുകയാണ്.
Next Story

RELATED STORIES

Share it