എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കഥയ്ക്ക് പുരസ്‌കാരം; കാസര്‍കോട്ട് ആഹ്ലാദം

കാസര്‍കോട്: രണ്ടാം തവണയും മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഡോ. ബിജുവിനു ലഭിച്ചതില്‍ കാസര്‍കോട്ടുകാര്‍ ആഹ്ലാദത്തി ല്‍. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ തീവ്രത ആദ്യമായി തിരശ്ശീലയിലെത്തിച്ച വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രത്തിലൂടെയാണ് ബിജു പുരസ്‌കാരത്തിനര്‍ഹനായത്. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായ ചിത്രത്തില്‍ നെടുമുടി വേണു, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനുമോള്‍ എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങള്‍. കൂടാതെ നിരവധി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും ചിത്രത്തില്‍ മുഖംകാണിച്ചു. കാസര്‍കോട്ടും ജില്ലയിലെ പ്രധാന ദുരിതബാധിത പഞ്ചായത്തുകളിലൊന്നായ ബെള്ളൂരിലെ വിവിധ പ്രദേശങ്ങളിലും കാനഡയിലെ ഒട്ടാവയിലുമായി ഒന്നരവര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കാസര്‍കോട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസറാണ് ഡോ. ബിജു. എന്‍ഡോസള്‍ഫാന്‍ വിഷയം ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ ഈ അവാര്‍ഡ് വഴിവച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോ. ബിജു തേജസിനോടു പറഞ്ഞു. കഴിഞ്ഞ സംസ്ഥാന അവാര്‍ഡിന് ചിത്രം പരിഗണിച്ചിരുന്നില്ല. ഇതിനു മുമ്പും തന്റെ ചിത്രങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതായി അദ്ദേഹം പറഞ്ഞു. വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമയുടെ ഡോക്യുമെന്ററി സ്വഭാവം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍, മലയാളി പ്രേക്ഷകര്‍ക്ക് ഇത്തരം ചിത്രങ്ങള്‍ കണ്ടു പരിചയമില്ലാത്തതുകൊണ്ടാണ് വിമര്‍ശനം ഉയര്‍ന്നത്. ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ചിത്രങ്ങള്‍ക്ക് ഡോക്യുഫിക്ഷന്‍ സ്വാഭാവമാണുള്ളത്. കൂടാതെ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഡോക്യുഫിക്ഷന്‍ ചിത്രങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരായ കുട്ടികള്‍ക്ക് റീഹാബിലിറ്റേഷന്‍ വില്ലേജ് നിര്‍മിക്കുകയെന്ന ല ക്ഷ്യവും സിനിമാ പ്രവര്‍ത്തകര്‍ക്കുണ്ട്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ കാഞ്ഞങ്ങാട് അമ്പലത്തറയില്‍ സ്‌നേഹവീട് എന്ന പേരില്‍ ഒരു ഡേ കെയര്‍ സെന്റര്‍ ആരംഭിച്ചിരുന്നു. നിര്‍മാതാവ് ഡോ. എ കെ പിള്ളയാണ് ഇതിനു മുന്‍കൈയെടുത്തത്. പത്തോളം കുട്ടികള്‍ ഇവിടെയുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുമെന്നും ഡോ. ബിജു പറഞ്ഞു.
Next Story

RELATED STORIES

Share it