എന്‍ജിനീയറിങ് പ്രവേശനം: മാനേജ്‌മെന്റുകള്‍ക്കെതിരേ എസ്എഫ്‌ഐ

കണ്ണൂര്‍: സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശനത്തില്‍ സ്വാശ്രയ എന്‍ജിനീയറിങ് മാനേജ്‌മെന്റുകള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ തിരുത്തണമെന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒഴിവുവരുന്ന സീറ്റുകളി ല്‍ പ്ലസ്ടു പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. എന്‍ട്രന്‍സ് പരീക്ഷയിലെ മെറിറ്റിന്റെ അടിസ്ഥാനത്തി ല്‍ കൂടിയാവണം പ്രവേശനം നല്‍കേണ്ടത്.
എന്‍ട്രന്‍സ് പരീക്ഷയില്‍ അഭിരുചിയില്ലാത്തവരായ, മിനിമം മാര്‍ക്കായ 10 പോലും നേടാത്തവര്‍ക്ക് പ്രവേശനം നല്‍കുന്നതിലൂടെ മെറിറ്റ് അട്ടിമറിക്കപ്പെടുകയാണു ചെയ്യുക. പ്രവേശന മാനദണ്ഡത്തില്‍ വെള്ളം ചേര്‍ക്കുന്നത് എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകര്‍ക്കാനിടയാക്കും.
സംസ്ഥാനത്തു വ്യാപകമായി അക്രമം അഴിച്ചുവിടുന്ന എബിവിപി-കെഎസ്‌യു-യൂത്ത്‌കോണ്‍ഗ്രസ് നടപടി അംഗീകരിക്കാനാവില്ല. തിരുവനന്തപുരത്തെ കേരള സര്‍വകലാശാല യൂനിയന്‍ ഓഫിസായ സ്റ്റുഡന്റ്‌സ് സെന്ററിനു നേരെ പ്രകോപനമൊന്നുമില്ലാതെയാണ് യൂത്ത് കോണ്‍ഗ്രസ് ആക്രമണം നടത്തിയത്.
തിരുവനന്തപുരം ഹോമിയോ കോളജില്‍ എബിവിപി അക്രമത്തില്‍ ആരോഗ്യ സര്‍വകലാശാല സെനറ്റംഗം ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. കണ്ണൂ ര്‍ വളപട്ടണം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എബിവിപി അക്രമത്തില്‍ പ്രധാനാധ്യാപകനു നേരെ അക്രമമുണ്ടായി. കലാലയങ്ങളെയും വിദ്യാലയങ്ങളെയും കലാപകലുഷിതമാക്കാനുള്ള നീക്കമാണ് കെഎസ്‌യുവും എബിവിപിയും ചേര്‍ന്നു നടത്തുന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പ്രതിഷേധ ദിനം ആചരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍, ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it