എന്‍ജിനീയറിങ്: കരാര്‍ ഒപ്പിട്ടശേഷം ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങും

തിരുവനന്തപുരം: സ്വാശ്രയ എ ന്‍ജിനീയറിങ് മാനേജ്‌മെന്റുകളുമായി കരാര്‍ ഒപ്പിട്ടശേഷം സംസ്ഥാനത്തെ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിനുള്ള തിയ്യതി നിശ്ചയിക്കുമെന്ന് പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ ബി എസ് മാവോജി.
എന്‍ജിനീയറിങ് കോഴ്‌സുകളിലേക്ക് എല്ലാ വര്‍ഷവും ജൂണ്‍ 30നു മുമ്പായി ആദ്യ അലോട്ട്‌മെന്റ് നടത്തണമെന്നാണ് സുപ്രിംകോടതി ഉത്തരവ്. ഇതുപ്രകാരം ഓപ്ഷന്‍ സ്വീകരിച്ച് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അടുത്തവര്‍ഷം മുതല്‍ ചില മാറ്റങ്ങള്‍ വരുത്തിയാവും പ്രവേശനപ്പരീക്ഷകള്‍ക്കു തുടക്കംകുറിക്കുക. നിലവില്‍ എന്‍ജിനീയറിങ് കോളജുകള്‍വഴിയും അക്ഷയകേന്ദ്രങ്ങള്‍ വഴിയുമാണ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നത്. എന്നാല്‍, അടുത്തവര്‍ഷം മുതല്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനു സംവിധാനമുണ്ടാക്കും. അതത് സ്‌കൂളുകളിലെ ഐടി അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിനായി പ്രത്യേക പരിശീലനം നല്‍കും.
സംസ്ഥാനത്തെ 119 സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലായി ആകെ 46,445 സീറ്റുകളാണ് അലോട്ട്‌മെന്റിനായി ലഭ്യമായിട്ടുള്ളത്. ഇതില്‍ 50 ശതമാനം സീറ്റുകള്‍ വിട്ടുനല്‍കുമ്പോ ള്‍ 23,222 സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ അവസരം ലഭിക്കും. ഐഎച്ച്ആര്‍ഡിക്ക് കീഴിലുള്ള ഒരു എന്‍ജിനീയറിങ് കോളജിനു കൂടി അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ സീറ്റിന്റെ കാര്യത്തില്‍ വര്‍ധനവുണ്ടാവുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
സര്‍ക്കാര്‍ കോളജുകളില്‍ 5232 സീറ്റും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളില്‍ 7119 സീറ്റുമാണുള്ളത്. ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് സര്‍ക്കാര്‍ കോളജില്‍ 200 സീറ്റും സ്വകാര്യ സ്വാശ്രയ കോളജില്‍ 1040 സീറ്റുകളുമാണ് പ്രവേശനത്തിനായി ലഭ്യമായത്. സാങ്കേതിക സര്‍വകലാശാല അംഗീകാരം റദ്ദാക്കിയ അഞ്ച് സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലേക്ക് പ്രവേശനം നടത്തില്ല. ഇതില്‍ രണ്ടു കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിവിധി അനുസരിച്ച് ഈ കോളജുകളിലെ പ്രവേശനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം സംബന്ധിച്ച് ഹൈക്കോടതിയുടെ വിധിക്കു കാത്തിരിക്കുകയാണ്.
പുതിയ ഒരു കായിക ഇനം സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്കായി പരിഗണിക്കാന്‍ കോടതി ഉത്തരവു നല്‍കിയിരുന്നു. ഇതിനെതിരേ കമ്മീഷണറേറ്റ് അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഇതിനുശേഷമായിരിക്കും ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് ആരോഗ്യവകുപ്പാണു തീരുമാനമെടുക്കേണ്ടത്. അടുത്തയാഴ്ച സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി കരാര്‍ ഒപ്പിട്ട് പ്രവേശന നടപടികള്‍ ആരംഭിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it