എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള 2016ലെ പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ ബി എസ് മാവോജിയുടെ സാന്നിധ്യത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണു ഫലം പ്രഖ്യാപിച്ചത്.
592.7919 സ്‌കോറുമായി എറണാകുളം തൃപ്പൂണിത്തുറ ശ്രീ ഹരിറാം വീട്ടില്‍ വി റാം ഗണേഷ് ഒന്നാംറാങ്ക് കരസ്ഥമാക്കി. കോട്ടയം തിരുവല്ല കാവുംഭാഗം അശ്വതി വില്ലയില്‍ അക്ഷയ് ആനന്ദ് രണ്ടാംറാങ്കും (സ്‌കോര്‍- 589.6068) തിരുവനന്തപുരം വഴുതക്കാട് ശ്രീഭവനില്‍ അശ്വിന്‍ നായര്‍ മൂന്നാംറാങ്കും (586.9201) നേടി.
ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ കോഴിക്കോട് ബാലുശ്ശേരി സ്വദേശി നമിത നിജിക്കാണ് (341.6) ഒന്നാംറാങ്ക്. കോഴിക്കോട് നടക്കാവ് സ്വദേശി നിശാന്ത് കൃഷ്ണ (339), മലപ്പുറം പന്തല്ലൂര്‍ സ്വദേശി എം പി മുഹ്‌സിന്‍ മുഹമ്മദലി (335.3333) യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി. 1,02,649 വിദ്യാര്‍ഥികളാണ് ഇക്കുറി എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷ എഴുതിയത്. ഇതില്‍ 78,169 പേര്‍ യോഗ്യത നേടിയെങ്കിലും സ്റ്റാന്റഡൈസേഷന്‍ പ്രക്രിയയ്ക്കുശേഷം 55,914 വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് വിഭാഗത്തിലും 2,826 പേര്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലും റാങ്ക്‌ലിസ്റ്റില്‍ ഇടംപിടിച്ചു. യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിച്ചെങ്കിലും അനുബന്ധരേഖകള്‍ നല്‍കാത്തതിനാല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ 5,982 പേരുടെയും ആര്‍ക്കിടെക്ചറില്‍ 386 പേരുടെയും ഫലം തടഞ്ഞുവച്ചു.
നാലുമുതല്‍ 10 വരെയുള്ള റാങ്കുകാര്‍: തിരുവല്ല തിരുവന്‍വണ്ടൂര്‍ താമരപ്പള്ളില്‍ എസ് ശ്രീജിത്ത് (582.7136), പയ്യന്നൂര്‍ കക്കറ അതുല്‍ ഗംഗാധരന്‍ (580.7040), കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ ചുള്ളിയോട് മുഹമ്മദ് അബ്ദുല്‍ മജീദ് (579.7607), മൂവാറ്റുപുഴ വാഴക്കുളം ജോര്‍ജ് ജോസ് (579.5291), മലപ്പുറം ജൂബിലി റോഡ് കൃഷ്ണ വീട്ടില്‍ റാം കേശവ് (577.7775), കൊച്ചി മുണ്ടംവേലി സ്വദേശി റിതേഷ് കുമാര്‍ (577.2578), കോഴിക്കോട് കണ്ണാടിക്കല്‍ കണ്ണംപുഴ വീട്ടില്‍ റോഷിന്‍ റാഫേല്‍ (573.8350).
പട്ടികജാതി വിഭാഗത്തില്‍ മലപ്പുറം നയാബസാര്‍ പി ഷിബൂസ് (521.6971) ഒന്നും തൃശൂര്‍ രണ്ടാംകല്ല് വി എം ഋഷികേശ് (508.2213) രണ്ടും റാങ്കുകള്‍ വീതം നേടി. പട്ടികവര്‍ഗ വിഭാഗത്തില്‍ കോട്ടയം മണര്‍കാട് നെല്ലിക്കശ്ശേരില്‍ വീട്ടില്‍ എസ് ആദര്‍ശ് (454.6178), എറണാകുളം വള്ളൂര്‍ റോഡ് എസ് നമിത (449.5933) എന്നിവര്‍ക്കാണ് ഒന്നും രണ്ടും റാങ്കുകള്‍. 1443, 1605 എന്നിങ്ങനെയാണ് പൊതുവിഭാഗത്തില്‍ ഇവര്‍ക്കു ലഭിച്ച റാങ്കുകള്‍.
Next Story

RELATED STORIES

Share it