ernakulam local

എന്‍ജിഒ ഫഌറ്റുകള്‍ അപകടാവസ്ഥയില്‍

കാക്കനാട്: തൃക്കാക്കരയില്‍ അപകടാവസ്ഥയിലായ എന്‍ജിഒ ഫഌറ്റുകളില്‍നിന്നും താമസക്കാര്‍ ഒഴിവായാല്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജില്ലാ ഭരണകൂടമാണ് താമസക്കാരായിട്ടുള്ള ജീവനക്കാരെ ഒഴിവാക്കേണ്ടത്.
വിവിധ ഫഌറ്റുകളിലായി ഇരുന്നൂറോളം കുടുംബങ്ങളാണുള്ളത്. അതില്‍ 115 കുടുംബങ്ങള്‍ക്കാണ് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഒഴിയാന്‍ കത്ത് നല്‍കിയിട്ടുള്ളത്. കൂടുതല്‍ അപകടാവസ്ഥയിലുള്ള ഫഌറ്റുകള്‍ ആദ്യം അറ്റകുറ്റപ്പണികള്‍ ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടുള്ളത്. ഒരു ഫഌറ്റില്‍ 12 കുടുംബങ്ങളാണുള്ളത്. ഓരോ ഫഌറ്റില്‍നിന്നും കുടുംബങ്ങളെ ഒഴിവാക്കി അതിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത ശേഷം അടുത്ത ഫഌറ്റ് അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.
വിവിധ ഫഌറ്റുകളിലായി 12 കെട്ടിടങ്ങള്‍ പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ട ഓരോ ഫഌറ്റിലേയും താമസക്കാരെ ഈ കെട്ടിടങ്ങളിലേക്ക് മാറ്റാമെന്നാണ് കലക്ടറെ പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുള്ളത്. അവരെ മാറ്റിത്തരേണ്ടത് ജില്ലാ ഭരണകൂടമാണ്. ഏതു നിമിഷവും കുറെശ്ശെയായി ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് പല ഫഌറ്റുകളും. പല ഫഌറ്റുകളിലും ഏറ്റവും താഴത്തെ നിലയില്‍ താമസക്കാരില്ല.
മുകള്‍ നിലകളിലെ ബാത്ത്‌റൂമുകളില്‍നിന്നും മലിനജലം ചോര്‍ന്നൊലിച്ച് മേല്‍ത്തട്ടും ഭിത്തികളും ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. 40 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഈ എന്‍ജിഒ ഫഌറ്റുകള്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ ചെയ്യാറില്ല.
ജീവനക്കാര്‍ക്ക് ഫഌറ്റ് അനുവദിച്ചുകിട്ടിയാല്‍ ജോലിയില്‍നിന്നും പിരിഞ്ഞുപോയാലും ഒഴിഞ്ഞുകൊടുക്കാത്ത സ്ഥിതിയാണുള്ളത്. ഇപ്പോള്‍ നിര്‍ബന്ധമായി താമസക്കാരെ ഒഴിപ്പിച്ച് പണികള്‍ തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുമരാമത്ത് വകുപ്പ്. ഓരോ ഫഌറ്റിലേയും അറ്റകുറ്റപ്പണികളുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ അതിനാവശ്യമായ ഫണ്ട് ഇല്ലെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് ചെലവു വരാവുന്നതിന്റെ റിപോര്‍ട്ട് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍ജിഒ ഫഌറ്റുകളുടെ അപകടാവസ്ഥ ജില്ലാ കലക്ടര്‍ സര്‍ക്കാരില്‍ അറിയിച്ച് ഫണ്ട് ലഭിക്കുമോ എന്ന് ശ്രമം നടത്താനാണ് ഉദ്ദേശം. റിപോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയുണ്ടാവും.
Next Story

RELATED STORIES

Share it