എന്‍ജിഒകള്‍ ലോക്പാല്‍ പരിധിയില്‍; ഉത്തരവിനെതിരേ സംഘടനകള്‍

ന്യൂഡല്‍ഹി: സര്‍ക്കാരിതര സംഘടനകളെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍, കേന്ദ്ര ഉദ്യോഗസ്ഥ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ അഴിമതിവിരുദ്ധ സംഘടനാപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. കമ്പനി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യകമ്പനികളെ ഒഴിവാക്കി സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സൊസൈറ്റികളേയും ട്രസ്റ്റുകളേയും സംഘടനകളേയും ലോക്പാല്‍ പരിധിയില്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍റൈറ്റ്‌സ് ഇനിഷ്യേറ്റീവ്, ആക്‌സസ് ടു ഇന്‍ഫര്‍മേഷന്‍ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ വെങ്കിടേഷ് നായ്ക്ക് പറഞ്ഞു.
ഉത്തരവനുസരിച്ച് ഒരു കോടിയില്‍ അധികം സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നതും 10 ലക്ഷത്തില്‍ കൂടുതല്‍ വിദേശ സഹായം ലഭിക്കുന്നതുമായ സര്‍ക്കാരിതര സംഘടനകള്‍ ലോക്പാല്‍ പരിധിയില്‍പ്പെടും. ഈ സംഘടനകളും ഭാരവാഹികളും വരുമാനവും സ്വത്തും സംബന്ധിച്ച വിവരങ്ങള്‍ ലോക്പാലിനു സമര്‍പ്പിക്കണം. സര്‍ക്കാരിതര സംഘടനകളുടെ ഭാരവാഹികളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി കണക്കാക്കും. സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ലോക്പാല്‍ നിയമപ്രകാരമായിരിക്കും കേസെടുക്കുക.
അഴിമതിക്കെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിച്ച ഇന്ത്യ സ്വകാര്യമേഖലയിലെ അഴിമതിയും തടയാന്‍ ബാധ്യസ്ഥരാണെന്നും വെങ്കിടേഷ് നായ്ക്ക് പറഞ്ഞു. അടിസ്ഥാന മേഖലകളായ ജലവിതരണം, ടെലിഫോണ്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലൊക്കെ സ്വകാര്യമേഖലയുടെ പങ്കാളിത്തമുണ്ട്. കൃഷി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലും വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഈ മേഖലകളെല്ലാം ലോക്പാല്‍ പരിധിയില്‍ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it