എന്‍ഐഎ ഉദ്യോഗസ്ഥന്റെ വധം: മുഖ്യ കുറ്റാരോപിതന്‍ മുനീര്‍ പിടിയില്‍

ന്യൂഡല്‍ഹി: എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മുഖ്യപ്രതിയെന്നു സംശയിക്കുന്ന മുനീറിനെ പോലിസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ മൂന്നിനാണ് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന തന്‍സീലിനെയും ഭാര്യയെയും ബൈക്കില്‍ വന്ന അക്രമിസംഘം മക്കള്‍ക്കു മുന്നില്‍വച്ച് വെടിവച്ചു കൊന്നത്. സംഭവത്തിനു പിന്നിലെ മുഖ്യപ്രതിയെന്ന് ഉത്തര്‍പ്രദേശ് പോലിസ് തിരയുന്ന മുനീറിനെ ഇന്നലെയാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്.
തന്‍സീലിന്റെ തന്നെ നാട്ടുകാരനായ മുനീര്‍ വേറെയും രണ്ടു കൊലപാതകക്കേസുകളില്‍ കുറ്റാരോപിതനാണ്. ഡല്‍ഹിക്കടുത്ത് നോയിഡയില്‍ വച്ചാണ് മുനീറിനെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. ഈ മാസം 16ന് മുനീറിന്റെ അടുത്ത സഹായി അതീഉല്ല ഖാനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ തന്‍സീലിനെതിരേ 24 തവണ അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു. തന്‍സീല്‍ സംഭവസ്ഥലത്തും നാലുതവണ വെടിയേറ്റ ഭാര്യ ദിവസങ്ങള്‍ക്കു ശേഷം ഡല്‍ഹിയില്‍ ആശുപത്രിയിലും മരണപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് റിസ്‌വാന്‍, തന്‍സീം, റൈഹാന്‍, സൈനുല്‍ എന്നിവരെ നേരത്തേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലിസ് വിശദീകരണം.
Next Story

RELATED STORIES

Share it