എന്‍ഐഎ ഉദ്യോഗസ്ഥന്റെ മരണത്തില്‍ ദുരൂഹതയെന്ന് സഞ്ജീവ് ഭട്ട്

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹ്മദ് ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയെന്നു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. സോഷ്യല്‍ മീഡിയയില്‍ എഴുതിയ പോസ്റ്റിലാണ് സഞ്ജീവ് ഭട്ട് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പത്താന്‍കോട്ട് ഓപറേഷന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് ഗുണംലഭിക്കാന്‍ നടത്തിയ കള്ളക്കളിയാണെന്നു തന്റെ സുഹൃത്തുക്കളും പഴയ സഹപ്രവര്‍ത്തകരും തന്നോടു പറഞ്ഞു. പത്താന്‍കോട്ട് അന്വേഷണം ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്കാണു വകവച്ചിരിക്കുന്നതെന്നും ഭട്ട് ചൂണ്ടിക്കാട്ടി.
ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടും പത്താന്‍കോട്ട് ആക്രമണത്തിന്റെ കള്ളി വെളിച്ചത്തായി. യഥാര്‍ഥ കഥകള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും സഞ്ജീവ് ഭട്ട് പറഞ്ഞു.
രാത്രി കുടുംബത്തോടൊപ്പം ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു തന്‍സീലിനെ മോട്ടോര്‍ ബൈക്കുകളിലെത്തിയ അക്രമികള്‍ വെടിവച്ചുകൊന്നത്. തന്‍സീലിന്റെ ദേഹത്ത് 21 വെടിയേറ്റു. ഭാര്യ ഫര്‍സാനയ്ക്ക് നാലു വെടിയേറ്റിട്ടുണ്ട്. മുറാദാബാദ് ആശുപത്രിയിലെത്തിയപ്പോഴേക്കും തന്‍സീല്‍ മരിച്ചിരുന്നു.
ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലിസ്
ലഖ്‌നോ: എന്‍ഐഎ ഓഫിസര്‍ തന്‍സീല്‍ അഹ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ നിരവധി പേരെ ചോദ്യംചെയ്‌തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അഡീഷനല്‍ പോലിസ് ഡയറക്ടര്‍ ജനറല്‍ ദല്‍ജീത്‌സിങ് ചൗധരി അറിയിച്ചു.
തന്‍സീല്‍ അഹ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുവിനെ അറസ്റ്റ് ചെയ്തതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ചൗധരി പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസന്വേഷിച്ചിരുന്ന തന്‍സീല്‍ അഹ്മദ് മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ടംഗ അജ്ഞാത സംഘത്തിന്റെ വെടിയേറ്റാണു മരിച്ചത്.
Next Story

RELATED STORIES

Share it