എന്‍എസ്ജി യോഗം ഈ വര്‍ഷം വീണ്ടും ചേരും

ന്യൂഡല്‍ഹി: ആണവനിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പുവയ്ക്കാത്ത ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ക്ക് അംഗത്വം ലഭിക്കുന്നത് സംബന്ധിച്ച് മാനദണ്ഡം പരിശോധിക്കാന്‍ ആണവ വിതരണ സംഘം (എന്‍എസ്ജി) ഈ വര്‍ഷം തന്നെ വീണ്ടും യോഗം ചേരും. ഇത് അംഗത്വത്തിന് അവകാശവാദമുന്നയിക്കാന്‍ ഇന്ത്യക്ക് ലഭിക്കുന്ന ഒരു അവസരം കൂടിയായിരിക്കും.
മെക്‌സിക്കോയുടെ നിര്‍ദേശപ്രകാരമാണ് ഈ വര്‍ഷം തന്നെ എന്‍എസ്ജി യോഗം വീണ്ടും ചേരുന്നതെന്ന് നയതന്ത്രവൃത്തങ്ങള്‍ അറിയിച്ചു. സാധാരണ നിലയിലാണെങ്കില്‍ അടുത്ത വര്‍ഷം മാത്രമാണ് എന്‍എസ്ജി യോഗം ചേരേണ്ടത്. സോളില്‍ അവസാനിച്ച എന്‍എസ്ജി പ്ലീനറി സമ്മേളനത്തില്‍ മെക്‌സിക്കോയുടെ നിര്‍ദേശത്തെ ചൈന എതിര്‍ത്തെങ്കിലും നിരവധി രാഷ്ട്രങ്ങള്‍ അനുകൂലിച്ചുവെന്ന് നയതന്ത്രവൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് അനൗപചാരിക ചര്‍ച്ചകള്‍ക്കായി എന്‍എസ്ജി പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. അര്‍ജന്റീന അംബാസഡര്‍ റാഫേല്‍ ഗ്രോസിക്കാണ് സമിതിയുടെ നേതൃത്വച്ചുമതല. ഇന്ത്യയെ അംഗമായി അംഗീകരിക്കുന്നതിനുള്ള വഴി തുറന്നിട്ടാണ് എന്‍എസ്ജി സമ്മേളനം സോളില്‍ അവസാനിച്ചതെന്ന് ഒബാമ ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോളില്‍ ചേര്‍ന്ന എന്‍എസ്ജി പ്ലീനറി സമ്മേളനം ഇന്ത്യക്ക് അംഗത്വം നല്‍കണമെന്ന ആവശ്യം തള്ളിയിരുന്നു. ചൈനയടക്കമുള്ള ചില രാജ്യങ്ങളുടെ എതിര്‍പ്പ് മൂലമാണ് ഇന്ത്യക്ക് എന്‍എസ്ജിയില്‍ അംഗത്വം ലഭിക്കാതെ പോയത്. എന്‍പിടിയില്‍ ഇന്ത്യ ഒപ്പുവച്ചിട്ടില്ല. ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് എന്‍എസ്ജിയില്‍ അംഗത്വം നല്‍കാനാവില്ല എന്നായിരുന്നു ചൈനയുടെ വാദം.
ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താഷ്‌ക്കന്റിലെത്തിയ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Next Story

RELATED STORIES

Share it