എന്‍എസ്ജി: ഇന്ത്യക്ക് ഫ്രാന്‍സിന്റെ പിന്തുണ

ന്യൂഡല്‍ഹി: ആണവ വിതരണ ഗ്രൂപ്പ് (എന്‍എസ്ജി) അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തിന് ഫ്രാന്‍സ് പിന്തുണ പ്രഖ്യാപിച്ചു. എന്‍എസ്ജിയിലെ ഇന്ത്യന്‍ പ്രവേശനം ആണവ നിര്‍വ്യാപനത്തിനെതിരായ ആഗോള ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സോളില്‍ നടക്കുന്ന എന്‍എസ്ജി പ്രീനറി സമ്മേളനത്തില്‍ ക്രിയാത്മക തീരുമാനമെടുക്കാന്‍ അംഗരാഷ്ട്രങ്ങളോട് ഫ്രാന്‍സ് അഭ്യര്‍ഥിച്ചിട്ടുണ്ട്. 1998 മുതല്‍ തന്ത്രപ്രധാന പങ്കാളികളായ ഫ്രാന്‍സും ഇന്ത്യയും ആണവ നിര്‍വ്യാപനം സംബന്ധിച്ചു പൊതുലക്ഷ്യമാണ് പങ്കുവയ്ക്കുന്നതെന്നും ഫ്രാന്‍സ് വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കര്‍ സോളിലെത്തി. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ചൈന അടക്കമുള്ള ചില രാജ്യങ്ങള്‍ എതിര്‍ക്കുന്ന പാശ്ചാത്തലത്തിലാണു സന്ദര്‍ശനം. അംഗരാഷ്ട്രങ്ങളുടെ പിന്തുണ തേടാന്‍ വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അമന്‍ദീപ് സിങ് ഗില്‍ നേരത്തെ സോളിലെത്തിയിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്. ഇന്ത്യയുടെ ഗ്രൂപ്പ് പ്രവേശനത്തിനെതിരേ ചൈനയുടെ എതിര്‍പ്പു തുടരുകയാണ്. ഇന്ത്യക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ പാകിസ്താനും അനുവദിക്കണമെന്നാണ് ചൈനയുടെ ആവശ്യം. ചൈന എതിര്‍പ്പ് തുടര്‍ന്നാല്‍ ഇന്ത്യയുടെ പ്രവേശനത്തിനു തിരിച്ചടിയാവും. 48 അംഗരാജ്യങ്ങളില്‍ തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും ഇന്ത്യക്ക് എതിരായ നിലപാടാണു നേരത്തെ സ്വീകരിച്ചിരുന്നത്.
Next Story

RELATED STORIES

Share it