എന്‍എസ്ജി അംഗത്വം: ഇന്ത്യയേക്കാള്‍ യോഗ്യത പാകിസ്താന്- സര്‍താജ് അസീസ്

ഇസ്‌ലാമാബാദ്: ആണവവിതരണ കൂട്ടായ്മ (എന്‍എസ്ജി) അംഗത്വത്തിന് ഇന്ത്യയേക്കാള്‍ യോഗ്യത പാകിസ്താനെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ആണവനിര്‍വ്യാപന കരാറില്‍(എന്‍പിടി) ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്കായി 48 അംഗ എന്‍എസ്ജി ഒരു മാനദണ്ഡം രൂപീകരിക്കുകയാണെങ്കില്‍ അതില്‍ പാകിസ്താന്റെ യോഗ്യത ഇന്ത്യക്കു മുകളിലായിരിക്കുമെന്നാണ് സര്‍താജ് അസീസിന്റെ അവകാശവാദം.
ഞായറാഴ്ച ഡോണ്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളുമായി പാകിസ്താന്‍ നയതന്ത്രബന്ധം സൂക്ഷിക്കുന്നുണ്ട്. അംഗത്വത്തിന് ഇന്ത്യ അപേക്ഷ നല്‍കിയതിനുശേഷം അപേക്ഷ നല്‍കുക എന്നായിരുന്നു പാകിസ്താന്റെ തീരുമാനം. അതാണ് തങ്ങള്‍ പ്രാവര്‍ത്തികമാക്കിയതും. കഴിഞ്ഞ മൂന്നു മാസത്തോളമായി ഇതിനായി തയ്യാറായിരിക്കുകയായിരുന്നെന്നും പാകിസ്താന് ഇതിനോടകം പിന്തുണ ലഭിച്ചതായും അദ്ദേഹം പറയുന്നു. ഇന്ത്യക്ക് അംഗത്വം ലഭിക്കുന്ന സാഹചര്യത്തില്‍ പാകിസ്താന്‍ പുറത്താക്കപ്പെടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ആണവസമ്പത്ത് സുരക്ഷിതമായി ഉപയോഗിക്കുന്ന രാജ്യമാണ് പാകിസ്താന്‍. സമാധാന ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം നല്‍കിയ ആണവവസ്തുക്കള്‍ 1974ല്‍ ആണവപരീക്ഷണം നടത്തി ഇന്ത്യ ദുരുപയോഗം ചെയ്തു. പാകിസ്താനില്‍ ഇന്നേവരെ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല- അസീസ് പറഞ്ഞു. ഈ മാസമാണ് എന്‍എസ്ജി യോഗം.
Next Story

RELATED STORIES

Share it