എന്‍എസ്ജി അംഗത്വം; ഇന്ത്യന്‍ ശ്രമം അനാവശ്യം: ആണവ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍

ഹൈദരാബാദ്: ആണവ വിതരണ സംഘ(എന്‍എസ്ജി)ത്തില്‍ അംഗത്വം ലഭിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം അനാവശ്യവും അനുചിതവും വിവേകശൂന്യവുമാണെന്ന് പ്രമുഖ ശാസ്ത്രജ്ഞനും ആണവോര്‍ജ കമ്മീഷന്‍ അംഗവുമായ എം ആര്‍ ശ്രീനിവാസന്‍. എന്‍എസ്ജി അംഗത്വത്തിനായി ഇന്ത്യ നടത്തിയ ശ്രമം വിഫലമായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആണവോര്‍ജ കമ്മീഷനുമായി ചര്‍ച്ചചെയ്തിരുന്നുവെങ്കില്‍, അത്തരം നീക്കത്തില്‍ നിന്ന് പിന്തിരിയാന്‍ സര്‍ക്കാരിന് ഉപദേശം നല്‍കുമായിരുന്നു. റിയാക്ടറുകളും യുറേനിയവും വിതരണം ചെയ്യാന്‍ മറ്റു രാജ്യങ്ങളുമായി കരാറുകള്‍ ഒപ്പുവച്ച സാഹചര്യത്തില്‍ എന്‍എസ്ജി അംഗത്വം ഇന്ത്യയുടെ ആണവവ്യാപാരത്തില്‍ മാറ്റമൊന്നുമുണ്ടാക്കില്ല. അനാവശ്യമായ തിടുക്കമാണ് അംഗത്വം സംബന്ധിച്ച് ഇന്ത്യ കാണിച്ചത്. റഷ്യ, ഫ്രാന്‍സ്, യുഎന്‍ എന്നീ രാഷ്ട്രങ്ങളുമായി റിയാക്ടര്‍ പദ്ധതികള്‍ക്കായി ഇന്ത്യ നേരത്തേ തന്നെ കരാറുകള്‍ ഒപ്പുവച്ചതാണ്- അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.
കസാഖിസ്താന്‍, കാനഡ, ആസ്‌ത്രേലിയ എന്നിവയടക്കം നിരവധി രാജ്യങ്ങളുമായി യുറേനിയം വാങ്ങാനും ഇന്ത്യ കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. എന്‍എസ്ജി അംഗത്വം ലഭിക്കാത്തതിനാല്‍ ഇന്ത്യയുടെ ആണവപരിപാടിക്ക് ദോഷഫലമൊന്നുമുണ്ടാവുമായിരുന്നില്ല. റിയാക്ടറുകള്‍ രൂപകല്‍പന ചെയ്തു നിര്‍മിക്കാനും ഇന്ധന ഉല്‍പാദനത്തിനും സ്വന്തം നിലയ്ക്ക് ഇന്ത്യയ്ക്കു ശേഷിയുണ്ട്. സ്വയം പരിഭ്രാന്തിയിലാവേണ്ട കാര്യം ഇന്ത്യക്കില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ എന്‍എസ്ജി അംഗത്വം നേടുന്നതില്‍ പരാജയപ്പെടുക വഴി ഇന്ത്യയുടെ മതിപ്പ് ഇല്ലാതായി. ആണവോര്‍ജ കമ്മീഷനെ സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ സമീപിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉന്നയിക്കരുതെന്ന് പറയുമായിരുന്നു. അതുണ്ടായില്ല. എന്‍എസ്ജി ഒരു അഭിജാത സംഘമാണെന്ന മാധ്യമങ്ങളുടെ വിലയിരുത്തല്‍ ശരിയല്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ആണവോര്‍ജ കോര്‍പറേഷന്റെ മുന്‍ ചെയര്‍മാനാണ് ശ്രീനിവാസന്‍. രാജ്യത്തെ ആണവോര്‍ജ പ്രവര്‍ത്തനങ്ങളുടെ ചുമതലയും അദ്ദേഹത്തിനാണ്. ഇന്ത്യയുടെ ആണവ പരിപാടികളുടെയും സമ്മര്‍ദ്ദിത ഘനജല റിയാക്ടറിന്റെയും വികസനത്തില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it