ernakulam local

എന്റെ കുളം എറണാകുളം; കലക്ടറുടെ നേതൃത്വത്തില്‍ കൊറ്റംകുളം നവീകരിച്ചു

അങ്കമാലി: എന്റെ കുളം എറണാകുളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്നുകര പഞ്ചായത്തിലെ 12ാം വാര്‍ഡായ വയല്‍കരയില്‍ കൊറ്റംകുളം നവീകരിച്ച് ഉപയോഗയോഗ്യമാക്കി. ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിലായിരുന്നു നവീകരണ പ്രവര്‍ത്തനങ്ങള്‍.
28 സെന്റ് വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന കുളം കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു. മുമ്പ് സമീപവാസികള്‍ക്ക് കാര്‍ഷികാവശ്യത്തിനും മറ്റും വെള്ളം ലഭ്യമായിരുന്നത് ഈ കുളത്തില്‍നിന്നായിരുന്നു.
മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷം തൊഴിലാളികളും നാട്ടുകാരും ഉള്‍പ്പെടെ 50ലേറെ പേര്‍ ഒരു പകല്‍ മുഴുവന്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കുളം ശുദ്ധീകരിക്കാനായത്. പായല്‍ മൂടിക്കിടന്ന കുളത്തില്‍നിന്നും ആദ്യം പായലുകള്‍ നീക്കംചെയ്തു. പിന്നീട് അടിത്തട്ടിലുണ്ടായിരുന്ന പുല്ലും മറ്റ് മാലിന്യങ്ങളും നീക്കംചെയ്യുകയായിരുന്നു.
പ്രവൃത്തികള്‍ നടക്കുന്നതിനിടയില്‍ ഉച്ചയ്ക്ക് ശേഷം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം എത്തിയതോടെ നാട്ടുകാര്‍ ആവേശത്തിലായി. തുടര്‍ന്ന് മാലിന്യം നീക്കാന്‍ കലക്ടര്‍ കൂടി കുളത്തിലേക്ക് ഇറങ്ങി നാട്ടുകാരോടൊപ്പം കൂടിയതോടെ പ്രവൃത്തികള്‍ വേഗത്തിലായി. കുളം ഉപയോഗശൂന്യമായി തുടരുന്നതിനിടയില്‍ ഇത് ചില സ്വകാര്യ വ്യക്തികള്‍ കൈയേറാന്‍ ശ്രമം നടത്തിയതോടെയാണ് കുളം സംരക്ഷിക്കാന്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്.
കുന്നുകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ റസിയ സബാദ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി യു ജബ്ബാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി അംബുജാക്ഷന്‍, പഞ്ചായത്ത് അംഗങ്ങളായ ടി കെ അജികുമാര്‍, ടി എ കുഞ്ഞുമുഹമ്മദ് നേതൃത്വംനല്‍കി.
റെഡ് ക്രോസിന്റെ നേതൃത്വത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ഫയര്‍ഫോഴ്‌സ്, പോലിസ് തുടങ്ങിയ വിഭാഗങ്ങളും സ്ഥലത്ത് ക്യാംപ്‌ചെയ്തിരുന്നു. കാര്‍ഷികാവശ്യത്തിന് വെള്ളം ലഭ്യമാക്കാന്‍ കഴിയുന്ന രീതിയില്‍ കുളത്തില്‍നിന്നും വെള്ളം പമ്പുചെയ്ത് സമീപപ്രദേശങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്ന് വാര്‍ഡ് അംഗം കൂടിയായ സി യു ജബ്ബാര്‍ പറഞ്ഞു. കുളത്തിന്റെ വശങ്ങള്‍ കെട്ടി സംരക്ഷിക്കാന്‍ ഫണ്ട് അനുവദിക്കാമെന്ന് ജില്ലാ കലക്ടറും ഉറപ്പുനല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it