kannur local

എന്യൂമറേഷന്‍ ജോലിഭാരം: അധ്യാപകര്‍ പ്രതിസന്ധിയില്‍

കണ്ണൂര്‍: അര്‍ധവാര്‍ഷിക പരീക്ഷ ആരംഭിച്ചിരിക്കെ അധ്യാപകരെ കൂട്ടത്തോടെ എന്‍പിആര്‍, ആധാര്‍ വിവരശേഖരണ ഡ്യൂട്ടിക്ക് നിയമിച്ചത് വിദ്യാലയങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. ജില്ലയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള എന്യൂമറേറ്റര്‍മാരായി അധ്യാപകരെയാണ് പ്രധാനമായും നിയമിച്ചിട്ടുള്ളത്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 10 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ദേശീയ ജനസംഖ്യ സെന്‍സസ്, തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മാത്രമേ അധ്യാപകരെ നിയമിക്കാവൂ എന്ന ഉത്തരവ് നിലനില്‍ക്കെയാണ് 10 ദിവസത്തെ അധ്യയനം മുടക്കി അധ്യാപകരെ എന്യൂമറേഷന് നിയോഗിച്ചിരിക്കുന്നത്.
പല പഞ്ചായത്തുകളിലും കൂട്ടത്തോടെയാണ് അധ്യാപകര്‍ വിവരശേഖരണ ഡ്യൂട്ടിയിലുള്ളത്. ഇതു അധ്യാപകരില്‍ സൃഷ്ടിക്കുന്ന ദുരിതം ചെറുതല്ല. കഴിഞ്ഞ ദിവസം സെന്‍സസ് ഡ്യൂട്ടിക്ക് പോയ ശാരീരിക അവശതയുള്ള അധ്യാപിക ട്രെയിനിടിച്ച് ദാരുണമായി മരണപ്പെട്ടിരുന്നു. ഈമാസം 30നു മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നാണു നിര്‍ദേശം.
എന്നാല്‍ അധ്യാപകര്‍ക്ക് ഒന്നിലധികം എന്യൂമറേഷന്‍ ബ്ലോക്കുകളുടെ ചുമതല നല്‍കിയാണ് പല സ്ഥലങ്ങളിലും ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഇതു യഥാസമയം കൃത്യതയോടെ ജോലി ചെയ്തുതീര്‍ക്കുന്നതിനു തടസ്സമായിട്ടുണ്ട്. കൂടാതെ, അധ്യാപകരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തിരിക്കുകയാണ്. ഒരു എന്യൂമറേറ്റര്‍ക്ക് ഒരു ബ്ലോക്കായി നിജപ്പെടുത്തി അധ്യാപകരിലെ ആശങ്കയ അകറ്റുന്നതിനാവശ്യമായ നടപടിയാവശ്യപ്പെട്ട് കെഎസ്ടിഎ ജില്ലാ സെക്രട്ടറി വി പി മോഹനന്‍, സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം കെ കെ പ്രകാശന്‍, ജില്ലാ പ്രസിഡന്റ് എന്നിവര്‍ ജില്ലാ കലക്ടര്‍ പി ബാലകിരണിന് നിവേദനം നല്‍കി.
ഒരു എന്യൂമറേറ്റര്‍ക്ക് ഒരു ബ്ലോക്ക് എന്ന നിലയില്‍ ഡ്യൂട്ടി ക്രമീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതായി നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it