kannur local

'എന്ന് നിന്റെ മൊയ്തീന്‍' സംവിധായകന്റെ വിജയമല്ല: രമേശ് നാരായണന്‍

കണ്ണൂര്‍: ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ എന്ന് നിന്റെ മൊയ്തീന്‍ സംവിധായകന്റെ വിജയമല്ലെന്നും മറിച്ച് കാഞ്ചനമാലയുടെയും മൊയ്തീന്റെയും വിജയമാണെന്ന് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ സംവിധായകനായ ആര്‍ എസ് വിമലിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
സിനിമയുടെ തുടക്കം മുതല്‍ കൂടെ നിന്നിട്ടും തന്നെ അവഗണിക്കുന്ന തരത്തിലാണ് വിമല്‍ പെരുമാറിയത്. പുതുക്കക്കാരന്‍ എന്ന നിലയില്‍ വിമല്‍ ഇനിയും പഠിക്കാനുണ്ട്. സത്യസന്ധമല്ലാത്ത സംസാരം ജീവിതത്തിലും സിനിമയിലും ഗുണംചെയ്യില്ല. കാഞ്ചനമാലയുടെ ഡോക്യുമെന്ററി സിനിമയാക്കണമെന്നും സിനിമയുടെ പ്രൊഡ്യൂസറാകണമെന്നും ആവശ്യപ്പെട്ടാണ് തുടക്കത്തില്‍ വിമല്‍ തന്നെ സമീപിക്കുന്നത്. എന്നാല്‍ തനിക്ക് അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും മറിച്ച് സിനിമ പുറത്തിറക്കാന്‍ സഹായിക്കാമെന്നും പറഞ്ഞിരുന്നു. കാഞ്ചനമാല എന്ന വിമലിന്റെ ഡോക്യുമെന്ററി കാണുന്ന ഏതൊരാള്‍ക്കും അത് സിനിമയായി കാണാന്‍ മോഹമുണ്ടാകും. അത്രയും കൃത്യതയോടെയാണ് വിമല്‍ അത് കൈകാര്യം ചെയ്തത്. അങ്ങനെയാണ് അമേരിക്കയിലുള്ള തന്റെ സുഹൃത്ത് സുരേഷ്‌രാജിന് ഡോക്യുമെന്ററി അയച്ചു കൊടുത്തത്. ഇതുകണ്ട സുരേഷ് പണം മുടക്കാന്‍ തയ്യാറാണെന്നും എന്നാല്‍ വിമലിനെ വച്ച് സിനിമ സംവിധാനം ചെയ്യാന്‍ കഴിയില്ലെന്നും തന്നെ വിളിച്ചുപറഞ്ഞു. പകരം കമലിനെ നിര്‍ദേശിച്ചു. അഞ്ച് വര്‍ഷത്തോളമായി വിമല്‍ ഇതിന്റെ പിറകെ നടക്കുകയാണെന്നും സുരേഷിനെ താന്‍ ബോധ്യപ്പെടുത്തി. സിനിമയുടെ ആദ്യപൂജ നടത്തുന്നതു തന്റെ വീട്ടില്‍ വച്ചാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്ന നിലയ്ക്ക് പൃഥ്വിരാജിനും പാര്‍വതി മേനോനും അഡ്വാന്‍സ് കൊടുത്തതും താനാണ്. സിനിമയ്ക്കു വേണ്ടി താന്‍ ആറ് പാട്ടുകളാണ് സംഗീതം നല്‍കിയത്. ആദ്യ ഗാനമായി യേശുദാസ് പാടിയ 'ഈ മഴതന്‍' എന്നു തുടങ്ങുന്ന ഗാനം ഉള്‍പ്പെടെ റഫീഖ് അഹമ്മദുമായി ചേര്‍ന്നാണ് ചിട്ടപ്പെടുത്തിയത്. എന്നാല്‍ സിനിമയില്‍ നി ന്നു ഈ പാട്ട് ഒഴിവാക്കി.
പിന്നീട് ഗാനങ്ങള്‍ മുഴുവന്‍ മോശമാണെന്നും മാറ്റണമെന്നും വിമല്‍ തന്നെ വിളിച്ചറിയിച്ചു. ഒടുവില്‍ താന്‍ ചിട്ടപ്പെടുത്തിയ മൂന്ന് പാട്ടുകള്‍ സിനിമയില്‍ നിന്നൊഴിവാക്കപ്പെട്ടു. പ്രൃഥ്വിരാജ് പറഞ്ഞിട്ടാണ് പാട്ടുകള്‍ ഒഴിവാക്കിയതെന്നാണ് വിമല്‍ തന്നെ അറിയിച്ചത്. കാഞ്ചനയെയും പ്രൊഡ്യൂസര്‍ സുരേഷിനെയും വഞ്ചിക്കുന്ന നിലപാടുകളാണ് വിമല്‍ സ്വീകരിച്ചത്. നല്ലൊരു സിനിമ ജനങ്ങളില്‍ എത്തണമെന്ന ആഗ്രഹം കൊണ്ടു മാത്രമാണ് താന്‍ മുഴുവന്‍ സഹിച്ചതെന്നും രമേശ് നാരായണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it