എന്താണ് കൊളീജിയം ?

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി തുടര്‍ന്നുവരുന്ന കൊളീജിയം സംവിധാനമനുസരിച്ച് ചീഫ് ജസ്റ്റിസ് അടക്കമുള്ള ഏറ്റവും മുതിര്‍ന്ന അഞ്ച് സുപ്രിംകോടതി ജഡ്ജിമാരാണ് ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്.കൊളീജിയം രീതിയെക്കുറിച്ചു ഭരണഘടനയില്‍ പറയുന്നില്ല. മറിച്ച്, 1981, 1993, 1998 എന്നീ വര്‍ഷങ്ങളിലായി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ മൂന്ന് കേസുകളിലെ സുപ്രിം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കൊളീജിയം സംവിധാനം ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഒരു സ്ഥിരം രീതിയായി രാജ്യത്ത് അംഗീകരിക്കപ്പെടുന്നത്. ജഡ്ജിമാരുടെ നിയമനം പൂര്‍ണമായും ജഡ്ജിമാര്‍ തന്നെ തീരുമാനിക്കുന്ന സംവിധാനത്തിന്റെ രൂപീകരണത്തിലേക്കു നയിച്ച ഈ മൂന്ന് കേസുകള്‍ പൊതുവില്‍ ജഡ്ജിമാരുടെ മൂന്ന് കേസുകള്‍ എന്നാണ് അറിയപ്പെടുന്നത്.

നിലവില്‍, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി രാജ്യത്തു നിലനില്‍ക്കുന്നത് ഈ രീതിയാണ്.എന്നാല്‍ കഴിഞ്ഞവര്‍ഷം പാര്‍ലമെന്റ് നിയമം വഴി സ്ഥാപിക്കുകയും ഇപ്പാള്‍ കോടതി അസാധുവാക്കുകയും ചെയ്ത ദേശീയ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്‌സ് കമ്മീഷന്‍ നിലവിലെ കൊളീജിയം രീതിയെ റദ്ദാക്കുന്നു. പകരം, സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസടക്കമുള്ള ജഡ്ജിമാരുടെ നിയമനങ്ങളില്‍ ജഡ്ജിമാരല്ലാത്തവര്‍ക്കുകൂടി പങ്കാളിത്തമനുവദിക്കുന്നു.ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്ന സംവിധാനമനുസരിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ചെയര്‍മാനായ ആറംഗ കമ്മീഷനായിരിക്കും ജഡ്ജിമാരുടെ നിയമനത്തില്‍ തീരുമാനമെടുക്കുക.

ചീഫ് ജസ്റ്റിസിന് തൊട്ടുതാഴെ സീനിയോറിറ്റിയുള്ള രണ്ട് സുപ്രിംകോടതി ജഡ്ജിമാര്‍, കേന്ദ്ര നിയമകാര്യ മന്ത്രി എന്നിവരും കമ്മീഷനില്‍ സ്ഥിരം അംഗങ്ങളായിരിക്കും. ഇതു കൂടാതെ ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, എന്നിവര്‍ ചേര്‍ന്നു നിര്‍ദേശിക്കുന്ന രണ്ട് പ്രഗല്‍ഭ വ്യക്തികളും കമ്മീഷനില്‍ അംഗങ്ങളായിരിക്കും. ഒറ്റത്തവണ തിരഞ്ഞെടുക്കപ്പെടുന്ന ഈ അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷമായിരിക്കും. ചീഫ് ജസ്റ്റിസ് അടക്കമുള്ള സ്ഥാനത്തേക്കു പരിഗണിക്കാനായി കമ്മീഷന്റെ മുമ്പില്‍ വരുന്ന പേരുകള്‍ വീറ്റോ ചെയ്യാനുള്ള അധികാരം കമ്മീഷനിലെ മൂന്ന് ജുഡീഷ്യല്‍ പ്രതിനിധികള്‍ക്കുമുണ്ട്. എന്നാല്‍ സുപ്രിംകോടതി ജഡ്ജിമാര്‍ മാത്രം വിചാരിച്ചാല്‍, അഥവാ മറ്റ് അംഗങ്ങളുടെ പിന്തുണയില്ലെങ്കില്‍, ഒരു നിയമനത്തിലും തീരുമാനമെടുക്കാനുമാവില്ല. കമ്മീഷന്റെ രൂപീകരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചത് നീതിന്യായ സംവിധാനത്തിലെ അപകടകരവും ജനാധിപത്യവിരുദ്ധവുമായ രാഷ്ട്രീയ ഇടപെടലാണ് എന്ന് കരുതാനുള്ള പ്രധാന കാരണവും ഇതാണ്.
Next Story

RELATED STORIES

Share it