dwaivarika

എത്രയെത്ര ഖലീഫമാര്‍

എത്രയെത്ര ഖലീഫമാര്‍
X
കലീം

ബൂബക്കര്‍ അല്‍ ബഗ്ദാദി എന്നൊരു വിദ്വാന്‍ സിറിയയിലും ഇറാഖിലുമായി ഇസ്‌ലാമിക രാഷ്ട്രം പ്രഖ്യാപിക്കുകയും ഖലീഫസ്ഥാനം സ്വയമങ്ങ് ഏറ്റെടുക്കുകയും ചെയ്തതോടെ ഖിലാഫത്ത് വീണ്ടും ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വിഷയമായി.
തുര്‍ക്കിയിലെ കാര്യപ്രാപ്തി ഒട്ടുമില്ലാതിരുന്ന ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കുന്നതിനു ബ്രിട്ടീഷുകാര്‍ ശ്രമിച്ചപ്പോള്‍ മഹാത്മാഗാന്ധിയും അലിസഹോദരന്മാരും അതിനെതിരെ രംഗത്ത് വന്നിരുന്നു. അതിനാല്‍ ഇന്ത്യക്കാര്‍ക്കും അത് അത്ര വിസ്മൃതമായ ആശയമല്ല. 1921 ലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ ഓര്‍മ്മകള്‍ ഉള്ളതിനാല്‍ മലബാറിലെ മുസ്‌ലിംകള്‍ക്കും ഖിലാഫത്ത് വലിയ  ഉദ്വേഗത നല്‍കുന്ന സംഭവമാണ്.
പ്രവാചക ഭരണത്തിന്റെ തുടര്‍ച്ചയെന്ന നിലയ്ക്കാണ് മുസ്‌ലിംകള്‍ ആദ്യത്തെ നാല് ഭരണാധികാരികളെ മാര്‍ഗ്ഗദര്‍ശികളായ ഖലീഫമാര്‍ എന്നു വിളിക്കുന്നത്. ശിയാക്കള്‍ നാലാം ഖലീഫയായ അലിയെ മാത്രമേ അംഗീകരിക്കുന്നുള്ളൂ. അലിയാവട്ടെ അവര്‍ക്ക് വെറും ഭരണാധികാരിയെന്നതിനേക്കാള്‍ ആത്മീയ ഗുരുവായിരുന്നു. വിശ്വാസികള്‍ക്കിടയിലെ സമത്വം നിരാകരിക്കുന്ന ഒരു സങ്കല്‍പമാണ് ഇമാമിയ്യത്ത്.
01 ജാതികളെപ്പോലെ ജന്മനാ മാത്രം ലഭിക്കുന്ന വിശേഷാല്‍ പദവി. അത് അലിക്കും സന്താനങ്ങള്‍ക്കും ശിയാക്കള്‍ നല്‍കുന്നതിന്റെ കാരണം പേര്‍ഷ്യയിലെ നിഗൂഡവാദത്തിന്റെ സ്വാധീനംകൊണ്ടാണ്. ശിയാക്കളെ കണ്ടാല്‍ കുളിക്കണം എന്നു കരുതുന്ന സുന്നികളില്‍വരെ അതിന്റെ സ്വാധീനം കാണുന്നതിനാല്‍ യമനില്‍നിന്നു വന്നാലും സോമാലിയയില്‍നിന്നു വന്നാലും അറബിയാണെങ്കില്‍ അവര്‍ ആദരവോടെ നില്‍ക്കുകയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്ത് പ്രതിഷ്ഠിക്കുകയും ചെയ്യും. (കേരളത്തിലെ തങ്ങന്മാരെ നോക്കുക!) പ്രതിഷ്ഠയെന്നത് ബോധപൂര്‍വ്വം പ്രയോഗിച്ചതാണ്.
ഖിലാഫത്ത്‌പോലെ ഇത്രയേറെ അവ്യക്തസുന്ദരമായ, ഗുപ്തമായ, ഏതു പണ്ഡിതനും പാമരനും വ്യാഖ്യാനിക്കാവുന്ന സങ്കല്‍പം, ഇസ്‌ലാമില്‍ വേറെ കാണില്ല. അതൊരു യൂണിവേഴ്‌സല്‍ സ്റ്റേറ്റ് ആണോ? അങ്ങിനെയാണെങ്കില്‍ ഖലീഫ ഖുറൈശിയാവണം എന്ന വാദത്തിന്റെ കാലിക പ്രസക്തി! (അല്‍ബഗ്ദാദി തന്റെ ജനിതക പാരമ്പര്യം ഖുറൈശി ഗോത്രത്തിലേക്ക് പോവുന്ന വഴി കണ്ടെത്തിയിട്ടുണ്ട്. ഇബ്‌റാഹീം അവാദ് അല്‍ബദ്‌രി എന്ന യഥാര്‍ത്ഥ നാമമുള്ള അല്‍ബഗ്ദാദി മാര്‍പാപ്പമാരും രാജാക്കന്മാരും ഒക്കെ ചെയ്യുന്നപോലെ സ്ഥാനാരോഹണം നടത്തിയപ്പോള്‍ ആദ്യ ഖലീഫയായ അബൂബക്കറിന്റെ പേര്‍ സ്വീകരിച്ചതാണെന്ന് കരുതപ്പെടുന്നു. (ടിയാന്‍ എവിടെ ജനിച്ചു, എവിടെ വളര്‍ന്നു എന്നതൊക്കെ പരമ രഹസ്യമാണ്.)
എങ്ങിനെയാണൊരുവന്‍ ഖലീഫയാവുക? ഒരു എകെ 47 നും നാലു ഗ്രനേഡും കറുത്ത കൊടിയും കയ്യിലേന്തിയ ഏതൊരുവനും പണ്ട് ഫ്രഞ്ച് ചക്രവര്‍ത്തിമാര്‍ പറഞ്ഞത്‌പോലെ ഞാനാണ് സ്റ്റേറ്റ് എന്ന് ഒരു കുന്നിന്‍ മുകളില്‍ കയറി പ്രഖ്യാപിക്കാന്‍ കഴിയുമോ? അപ്പോള്‍ കൂടിയാലോചന, സമവായം, സമത്വം, നീതി തുടങ്ങിയ സാര്‍വജനീനമായ ഇസ്‌ലാമിക തത്വങ്ങളുടെ ഗതിയെന്താവും!
ഒരു ബാക്ക്പാക്കും ഖുര്‍ആനും കയ്യിലെടുത്ത് നേരെ ബിലാദ്ശാമിലേക്കങ്ങ് വണ്ടി കയറിയാല്‍ മതി എന്നു കരുതുന്നവര്‍ ഇത്തരം ആശയകുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങളൊന്നും ഇഷ്ടപ്പെട്ടെന്നു വരില്ല. ശിയാക്കളെ കൊല്ലുന്നതിലെന്ത് തെറ്റ് എന്നു ചോദിച്ച് ചില സലഫിയോദ്ധാക്കള്‍ പോരാട്ടത്തിനിറങ്ങിയതായി കേട്ടിട്ടുണ്ട്. അവര്‍ക്കും ഇത്തരം ചിന്തകളൊക്കെ അന്യമാണ്. അതുകൊണ്ടാണ് ഇസ്‌ലാമിക ചരിത്രത്തില്‍ ഖിലാഫത്തും ഖലീഫയും അനവധി തവണ ദുരുപയോഗം ചെയ്യപ്പെട്ടത്. അമവി ഖലീഫ അബ്ബാസി ഖലീഫയും പിന്നെ ഉസ്മാനി ഖലീഫയുമായതിന് ഒരേ ഒരു ന്യായമേയുള്ളൂ. അധികാരം. കൂടുതല്‍ ആയുധവും പോരാട്ടവീര്യവും യുദ്ധതന്ത്രജ്ഞതയുമുള്ളവര്‍ അധികാരത്തിലെത്തുമ്പോള്‍ പ്രജകളുടെ അംഗീകാരം കിട്ടാന്‍ മതത്തെ ഉപയോഗിക്കുന്നു. അതില്‍ കവിഞ്ഞ ഒരു ഇസ്‌ലാമികതയും ഇതിനൊന്നുമില്ല.
എല്ലാ പ്രത്യയ ശാസ്ത്രങ്ങളിലും ഈ ലോകത്ത്തന്നെ ഒരു ദുരിതവുമില്ലാത്ത കാലം വരും എന്ന സങ്കല്‍പമുണ്ട്. നിത്യനൈമിത്തിക ദുരിതങ്ങള്‍ക്കൊക്കെ അന്ത്യമുണ്ടാവും എന്ന ശുഭ പ്രതീക്ഷയാണതിനു പിന്നില്‍. ചിലപ്പോഴൊക്കെ പാമരരായ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സാമ്രാജ്യശക്തികള്‍ അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നു. അപ്പോള്‍ ചിലര്‍ കുറേകൂടി മുമ്പോട്ട് ചെന്ന് മഹ്ദി ചമയുന്നു; മിശിഹയാവുന്നു. ഇന്ത്യയില്‍ മിര്‍സാ ഗുലാം അഹമദ് ആ ഗണത്തില്‍പെട്ട ആളായിരുന്നു. 19 ന്റെ മഹത്വത്തില്‍ വിശ്വസിച്ച ഒരു ആത്മീയാചാര്യനാണ് പേര്‍ഷ്യയില്‍ പിന്നീട് ബഹാഇസം സ്ഥാപിച്ചത്. അദ്ദേഹവും തുടങ്ങിയത് ഇത്തരം ആശയങ്ങളെ താലോലിച്ചാണ്. നൈജീരിയയില്‍ മുഹമ്മദ് മര്‍വ എന്നൊരുവന്‍ മുജദ്ദിദ് (നവോത്ഥാന നായകന്‍) എന്നവകാശപ്പെട്ടു തുടങ്ങി. പിന്നെ പ്രവാചകന്‍തന്നെയായി. റേഡിയോ, വാച്ച്, സൈക്കിള്‍, കാര്‍ തുടങ്ങിയ ഒന്നും ഉപയോഗിക്കരുതെന്നായിരുന്നു മൈതിസീന്‍ എറിയപ്പെട്ട മര്‍വയുടെ ഉല്‍ബോധനം. അതില്‍നിന്നാണ് ബോക്കോഹറാം ജനിച്ചതെന്ന് കരുതപ്പെടുന്നു.
02അമേരിക്കയില്‍ റശാദ് ഖലീഫ എന്നൊരു മിടുക്കന്‍ 19 ന്റെ അത്ഭുതത്തില്‍ വിശ്വാസം കൂടി ഖലീഫ തന്നെയായി. പിന്നെ ദൈവദൂതനായി. ഖുര്‍ആനിലെ സൂറഃ യാസീനിലെ മൂന്നാം വാക്യം തന്നെപറ്റിയാണെന്നാണ് അയാള്‍ പറഞ്ഞിരുന്നത്. ഖലീഫയെ പിന്നീട് ഒരു അനുയായിതന്നെ വധിച്ചു. ഖലീഫ ദൈവദൂതനായത് അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല.
അറബ് ലോകത്താണ് ഇത്തരം അവതാരങ്ങള്‍ കൂടുതല്‍ പ്രത്യക്ഷപ്പെടാറുള്ളത്. അതിനുള്ള പ്രധാന കാരണം രാഷ്ട്രീയമായ അസ്ഥിരതയും ജനാധിപത്യത്തിന്റെ അഭാവവും. ഉസ്മാനിയ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം നിലവില്‍ വന്ന പല ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഖിലാഫത്ത് എന്ന മോഹന സുന്ദരമായ സങ്കല്‍പ ലോകം ചൂണ്ടിക്കാട്ടിയാണ് സംഘാടനം നടത്തിയത്. യാഥാര്‍ത്ഥ്യ ബോധ്യമുള്ളവര്‍ കുറേകൂടി വിവേകത്തോടെ അത്തരമൊരു രാഷ്ട്രീയ വ്യവസ്ഥിതി ഉണ്ടാക്കുന്നതിന്റെ വ്യത്യസ്തമായ വഴികള്‍ നിര്‍ദ്ദേശിക്കും. 1926 മെയ് മാസത്തില്‍ കെയ്‌റോയില്‍ ഖിലാഫത്ത് പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചൊരു അന്തരാഷ്ട്ര സമ്മേളനം കൂടിയിരുന്നു. മുസ്തഫാ കമാല്‍, തുര്‍ക്കി സുല്‍ത്താനെ ഒരു കപ്പലില്‍ കയറ്റി പാരീസിലേക്കയച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. 13 രാജ്യങ്ങളില്‍നിന്ന് 28 പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഏകോപിച്ച ഒരഭിപ്രായം ഉരുത്തിരിഞ്ഞുവന്നില്ല. ബ്രിട്ടീഷ് മേല്‍ക്കോയ്മയെ നേരിടാനുള്ള ശേഷിയൊന്നുമില്ലാത്ത പാവങ്ങളായിരുന്നു പ്രതിനിധികള്‍. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സ്ഥാപകനായ ഹസനുല്‍ബന്ന യുവാവായിരിക്കുമ്പോള്‍ ഖിലാഫത്തിനെ കുറിച്ചു സംസാരിച്ചിരുന്നുവെങ്കിലും ബന്നയുടെ വീക്ഷണത്തില്‍ അത് കുറേകൂടി അധികാരമുള്ള ഒരു മുസ്‌ലിം കോമണ്‍ വെല്‍ത്ത് മാത്രമായിരുന്നു.
1953 ല്‍ തഖിയുദ്ദീന്‍ നബ്ഹാനി എന്നൊരാള്‍ ജറുസലം ആസ്ഥാനമാക്കി ഹിസ്ബു തഹ്‌രീര്‍ സ്ഥാപിക്കുകയും സ്വയം ഖലീഫയാവുകയും ചെയ്തു. ഖിലാഫത്ത് സ്ഥാപിച്ചാല്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നബ്ഹാനിതന്നെ തയ്യാറാക്കിയതുണ്ട്. ഒരു യൂണിറ്റി സ്റ്റേറ്റാണതുദ്ദേശിക്കുന്നത്. പത്തുലക്ഷം അംഗങ്ങളുണ്ടെന്നവകാശപ്പെടുന്ന ഹിസ്ബ് ലണ്ടന്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇപ്പോഴുള്ള ഖലീഫ അല്‍ബഗ്ദാദിയെ അംഗീകരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
1979 ല്‍ ഹിജ്‌റ 15ാം നുറ്റാണ്ട് പിറക്കുന്നതിന്റെ ഭാഗമായി മക്കയില്‍ ഒരു ഖലീഫ പ്രത്യക്ഷപ്പെട്ടിരുന്നു. ജുഹൈമാന്‍ അല്‍ ഉത്തൈബിയുടെ നേതൃത്വത്തില്‍ ഒരു സായുധ സംഘം മസ്ജിദുല്‍ ഹറാം പിടിച്ചടക്കി ഇസ്‌ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചു. മഹ്ദിയും ഖലീഫയുമൊക്കെയായി തങ്ങളുടെകൂടെ മുഹമ്മദ് ബിന്‍ അബ്ദില്ല അല്‍ഖഹ്ത്താനിയുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. എന്തു ചെയ്യാം, നാലഞ്ചു ദിവസമേ ദൗലത്തുല്‍ ഇസ്‌ലാമിയക്ക് നിലനില്‍പ്പുണ്ടായുള്ളൂ. 1984 ല്‍ കമാലുദ്ദീന്‍ ഖുബ്‌ലന്‍ എന്ന തുര്‍ക്കി വംശജന്‍ തുര്‍ക്കിയില്‍ ഇസ്‌ലാമിക രാഷ്ട്രം പ്രഖ്യാപിക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ടപ്പോള്‍ ജര്‍മനിയിലേക്ക് കുടിയേറി. 1987 ല്‍ പ്രവാസി ഖലീഫയാണ് താനെന്നു പ്രഖ്യാപിച്ചു. 1995 ല്‍ മരണമടഞ്ഞു. ജര്‍മന്‍കാര്‍ പുള്ളിയെ ശ്രദ്ധിച്ചതിനു സൂചനകള്‍ ഒന്നുമില്ല. എന്നാല്‍ ഖുബ്‌ലന്റെ മരണശേഷം അനുയായികള്‍ രണ്ടു ഖലീഫമാരെ തിരഞ്ഞെടുത്തു. മത്തീന്‍ ഖുബ്‌ലന്‍, ഖലീല്‍ സോഫോ എന്നിവരായിരുന്നു അവര്‍. സോഫോയെ കൊലപ്പെടുത്തിയ കേസില്‍ 1999 ല്‍ ജര്‍മന്‍ പോലിസ് ഖുബ്‌ലനെ അറസ്റ്റു ചെയ്തു. 2003 വരെ ഖലീഫ ജയിലിലായിരുന്നു.
കമ്മ്യൂണിസ്റ്റ് കടന്നുകയറ്റക്കാര്‍ക്കെതിരെ അഫ്ഗാനിസ്ഥാനില്‍ സായുധ വിമോചന പോരാട്ടം നടക്കുമ്പോള്‍ അവിടെയെത്തിയ അറബ് മുജാഹിദുകള്‍ നൂറിസ്ഥാനില്‍ ചെന്ന് മുഹമ്മദ് അഫ്ദല്‍ എന്നൊരു ഖലീഫയ്ക്ക് കൂറ് പ്രഖ്യാപിക്കാന്‍ തയ്യാറായി. ടിയാനാവട്ടെ മറുഭാഷ സംസാരിക്കുന്നവരെ പ്രജകളാവാന്‍ സമ്മതിച്ചില്ല. തല്‍ക്കാലം താന്‍ നൂറിസ്ഥാന്റെ മാത്രം ഖലീഫയായിരിക്കുമെന്ന് പ്രസ്താവിച്ചു. അവരെ കാബൂളിലേക്ക് മടക്കി അയച്ചു.
03അഫ്ഗാന്‍ മുജാഹിദുകള്‍ തങ്ങളിലൊരുവന്‍ അബുഈസ മുഹമ്മദ് റിഫാഇ എന്ന അബു ഹമ്മാമിനെ ഖലീഫയാക്കാന്‍ നോക്കിയത് പുള്ളി ഖുറൈശിയാണെന്ന് കണ്ടുപിടിച്ചപ്പോഴാണ്! സത്യത്തില്‍ റിഫാഇ ഫലസ്തീനിയായിരുന്നു. ആദ്യത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകനും. അവിടെയുമിവിടെയുമൊക്കെ ജീവിച്ച് അവസാനമാണ് അഫ്ഗാനിസ്താനിലെത്തിയത്. അയാള്‍ പെഷാവര്‍ ഖലീഫയായി. പാകിസ്താനിലെ പുരോഹിതന്മാര്‍ക്ക് അതത്ര പിടിച്ചില്ല. അവര്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ഭരണകൂടം അബു ഹമ്മാമിനെ പുറത്താക്കി. 2014 ല്‍ ലണ്ടനില്‍ മരിച്ചു. അതിനു മുമ്പ് ഒരു കാട്ടില്‍ രണ്ടു സിംഹമോ എന്ന മട്ടില്‍ പുള്ളി അല്‍ബഗ്ദാദിക്ക് തനിക്ക് കൂറു പ്രഖ്യാപിക്കണമെന്ന് തിട്ടൂരമയച്ചിരുന്നുവത്രെ!
അബു ഈസയുടെ അനുയായി ഒരു കുവൈത്തിയുണ്ടായിരുന്നു. അബു ഉമര്‍ എന്ന ഹുസൈന്‍ ലാറി. മരിക്കുന്നതിനു മുമ്പ് ലണ്ടന്‍ ഖലീഫ അയാളെ സിറിയയിലേക്കയച്ചു. അവിടെ വച്ചു ലാറി സ്വയം ഒരു ഖലീഫയാവാന്‍ ശ്രമിച്ചു. ദഗിസ്ഥാനില്‍നിന്നു വന്ന അബു ബനാത്തും സംഘവും ഹുസൈന്‍ലാറിയുമായി ചേര്‍ന്നാണ് ഖിലാഫത്ത് സ്ഥാപിച്ചത്. അബു ബനാത്ത് ഇപ്പോള്‍ എവിടെയെന്നറിയില്ല. അബു ഉമര്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പിടിയിലാണ്. പഴയ കത്തയച്ചതിന്റെ രോഷം.
ചുരുക്കത്തില്‍ ഏതൊരു സുല്‍ത്താനും ഏകാധിപതിക്കും സ്വീകരിക്കാവുന്ന തൊപ്പിയായിരുന്നു ഖലീഫ. മഹാക്രൂരന്മാരായ പലരും മതപരിത്യാഗികള്‍ എന്നു പറഞ്ഞ് ഏകാധിപത്യത്തെ എതിര്‍ക്കുന്നവരെ വധിച്ചു. അല്‍ബഗ്ദാദിയുടെ സംഘം ചെയ്യുന്നപോലെ ആരും ആരാധിക്കാത്ത പ്രാക്തന വിഗ്രഹങ്ങള്‍ തകര്‍ത്തു ശരീഅഃ നടപ്പിലാക്കി. ധൃതിയില്‍ വിചാരണ ചെയ്തു പലരെയും തല വെട്ടി. ഏതക്രമത്തിനും പഴയ കിതാബുകള്‍ പരതി ന്യായം കണ്ടെത്തി.
അതായിരിക്കില്ല നീതി വിളയാടുന്ന, സമൃദ്ധിയും ശാന്തിയുമുള്ള ഖിലാഫത്ത്.
Next Story

RELATED STORIES

Share it