എത്യോപ്യയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഇതുവരെ കൊല്ലപ്പെട്ടത് 140 പേര്‍

അദിസ് അബാബ: കഴിഞ്ഞ രണ്ടു മാസങ്ങളായി എത്യോപ്യയില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത് 140 പേര്‍. തലസ്ഥാനം സമീപത്തേക്കുള്ള കാര്‍ഷിക പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്കെതിരേയാണ് പ്രതിഷേധം നടക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അറിയിച്ചു.
സുരക്ഷാസൈന്യം 140ഓളം പേരെ കൊലപ്പെടുത്തിയതായും നിരവധി പേരെ പരിക്കേല്‍പ്പിച്ചതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. 2005ലെ തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിനു ശേഷം രാജ്യത്തുണ്ടാവുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നത്.
അന്ന് 200 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 75 പേര്‍ മരിച്ചതായാണ് സംഘടന പുറത്തുവിട്ടിരുന്ന റിപോര്‍ട്ട്.
അതേസമയം, സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല. ഏറ്റവും അവസാനമായി സര്‍ക്കാര്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ അഞ്ചു പേര്‍ മരിച്ചതായാണ് കാണിക്കുന്നത്. ഒറോമിയ പ്രവിശ്യയിലെ ഏതാനും നഗരങ്ങള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്കെതിരേ കഴിഞ്ഞ നവംബര്‍ മാസത്തിലാണ് പ്രതിഷേധം ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഗോത്രവിഭാഗമായ ഒറോമോ വംശജരുടെ പരമ്പരാഗത അധിവാസമേഖലയാണിത്. സമാധാനപരമായി നടന്ന പ്രതിഷേധം, സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയാല്‍ ഒറോമോ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന ഭീതിയെത്തുടര്‍ന്നാണ് ആളിക്കത്തിയത്.
കഴിഞ്ഞ മാസം ഒറോമോ ഫെഡറലിസ്റ്റ് കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ ബെക്കെലെ ഗെര്‍ബയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഫെഡറല്‍ സംസ്ഥാനമായ ഒറോമോയില്‍ 27 ദശലക്ഷത്തോളം ആളുകളാണ് അധിവസിക്കുന്നത്. എത്യോപ്യയിലെ ഔദ്യോഗിക അംഹാറിക് ഭാഷയില്‍നിന്നു വ്യത്യസ്തമായി ഒറോമോക്കാര്‍ക്ക് പ്രത്യേകം ഭാഷയുമുണ്ട്.
Next Story

RELATED STORIES

Share it