ernakulam local

എതിരാളികളെ ബഹുദൂരം പിന്നിലാക്കി കോതമംഗലവും മാര്‍ബേസിലും കുതിക്കുന്നു

കൊച്ചി: പതിനാലാമത് റവന്യൂ ജില്ലാ കായികമേളയില്‍ കോതമംഗലം ഉപജില്ലയും സ്‌കൂളുകളില്‍ മാര്‍ ബേസില്‍ എച്ച്എസ്എസും കുതിക്കുന്നു.
രണ്ടാം ദിവസത്തെ മല്‍സരങ്ങള്‍ സമാപിച്ചപ്പോള്‍ 48 സ്വര്‍ണവും 45 വെള്ളിയും 34 വെങ്കലവുമടക്കം 419 പോയിന്റ് നേടിയാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി കോതമംഗലം ഉപജില്ല കിരീടത്തിലേക്ക് കുതിക്കുന്നത്. രണ്ടാം സ്ഥാനക്കാരായ എറണാകുളം ഉപജില്ലക്ക് അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവുമടക്കം വെറും 32 പോയിന്റാണുള്ളത്. 27 പോയിന്റുള്ള പെരുമ്പാവൂര്‍ ഉപജില്ലയാണ് മൂന്നാമത്. ഒരു സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും അവരുടെ സമ്പാദ്യം.
മാര്‍ ബേസില്‍, സെന്റ് ജോര്‍ജ്, മതിരപ്പിള്ളി സ്‌കൂളുകളുടെ കരുത്തിലാണ് കോതമംഗലം ഉപജില്ലയുടെ കുതിപ്പ്. സ്‌കൂളുകളില്‍ 180 പോയിന്റുമായി മാര്‍ ബേസില്‍ എച്ച്എസ്എസാണ് ഒന്നാമത്. 21 സ്വര്‍ണവും 20 വെള്ളിയും 15 വെങ്കലവും അവര്‍ നേടി. 18 സ്വര്‍ണവും 20 വെള്ളിയും 15 വെങ്കലവുമടക്കം 165 പോയിന്റുമായി സെന്റ് ജോര്‍ജ് എച്ച്എസ്എസ് മാര്‍ ബേസിലിന് കനത്ത വെല്ലുവിളിയുമായി രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള മതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസ് സ്‌കൂള്‍ ഏഴു സ്വര്‍ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമടക്കം 54 പോയിന്റ് നേടിയിട്ടുണ്ട്. പിന്നീട് പോയിന്റ് പട്ടികയില്‍ രണ്ടക്കം കടന്നത് നാലാം സ്ഥാനത്തുള്ള പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസ് മാത്രം. നാല് സ്വര്‍ണവും ഒരു വെങ്കലവുമടക്കം 21 പോയിന്റ്.
മീറ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ ആറ് പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. ആദ്യ ദിവസം ഏഴ് റെക്കോര്‍ഡുകള്‍ പിറന്നതോടെ ആകെ റെക്കോര്‍ഡുകളുടെ എണ്ണം 13 ആയി. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിന്റെ ഓംകാര്‍ നാഥ് (14.5 സെ.), ഷോട്ട്പുട്ടില്‍ മാര്‍ബേസിലിന്റെ അമല്‍ പി രാഘവ് (14.55 മീ.), ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ മാര്‍ ബേസില്‍ എച്ച്എസ്എസിന്റെ അനീഷ് മധു (3.91 മീ.), 400 മീറ്ററില്‍ മാര്‍ ബേസിലിന്റെ എം കെ ശ്രീനാഥ് (50.5 സെ.), ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മാര്‍ബേസിലിന്റെ മെറിന്‍ ബിജു, ട്രിപ്പിള്‍ജംപിലും ഹാമര്‍ത്രോയിലും മതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസിലെ ഐശ്വര്യ പി ആര്‍ (11.96 മീ, 38.78 മീറ്റര്‍) എന്നിവരാണ് ഇന്നലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്.
ലോങ്ജംപിലും സ്വര്‍ണം നേടിയ ഐശ്വര്യ റെക്കോര്‍ഡ് ഡബിളടക്കം ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കി മീറ്റിലെ താരമാകാനുള്ള തയ്യാറെടുപ്പിലാണ്. ഐശ്വര്യക്ക് പുറമെ സെന്റ് ജോര്‍ജിന്റെ മറുനാടന്‍ താരം വാരിഷ് ബോഗിമയൂം ഇന്നലെ ട്രിപ്പിള്‍ തികച്ചു. സബ് ജൂനിയര്‍ വിഭാഗത്തില്‍ മല്‍സരിച്ച വാരിഷ് ബോഗിമയൂം ആദ്യ ദിനം 600 മീറ്ററിലും ഇന്നലെ 80 മീറ്റര്‍ ഹര്‍ഡില്‍സിലും 400 മീറ്ററിലും പൊന്നണിഞ്ഞസ്വര്‍ണം നേടിയാണ് മീറ്റിലെ ആദ്യ ട്രിപ്പിള്‍ തികച്ചത്. മണിപ്പൂര്‍ സ്വദേശിയാണ് വാരിഷ്.ഐശ്വര്യക്ക് പുറമെ ബിബിന്‍ ജോര്‍ജ്, അമല്‍ പി രാഘവ്, വിനീത ബാബു, ലിനറ്റ് ജോര്‍ജ്, അഹല്യ മോഹന്‍, അനുമോള്‍ തമ്പി, ശരണ്യ എന്നിവരും ഇരട്ട സ്വര്‍ണ്ണം നേടി.
ഇന്നും നാളെയും മല്‍സരങ്ങളില്ല. നാളെ നടക്കേണ്ടിയിരുന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍, 800 മീറ്റര്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഫൈനലുകള്‍ തിങ്കളാഴ്ച നടക്കും. ഇതോടെ ആകെ 36 ഫൈനലുകള്‍ മേളയുടെ അവസാനദിനമായ തിങ്കളാഴ്ച നടക്കും.
Next Story

RELATED STORIES

Share it