Second edit

എണ്ണ മല്‍സരം

എണ്ണ വിപണിയിലെ ആഗോളയുദ്ധം പെട്ടെന്നൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. കഴിഞ്ഞയാഴ്ച പ്രമുഖ എണ്ണ ഉല്‍പാദകരായ സൗദി അറേബ്യയും റഷ്യയും ഖത്തറും വെനിസ്വേലയും ഉല്‍പാദനം മരവിപ്പിച്ചു നിര്‍ത്തുകയെന്ന പദ്ധതിയുമായി രംഗത്തെത്തിയിരുന്നു. ഇറാനും ഇറാഖും അതിനോടു യോജിച്ചുവെങ്കിലും തങ്ങളുടെ ഉല്‍പാദനത്തില്‍ എന്തെങ്കിലും കുറവുവരുത്താന്‍ തയ്യാറാവുമെന്നു വാഗ്ദാനം നല്‍കുകയുണ്ടായില്ല.
എല്ലാ ഉല്‍പാദകരും പരസ്പരം യോജിക്കുന്നില്ലെങ്കില്‍ ഉല്‍പാദനത്തില്‍ കുറവു വരുത്തി വിലത്തകര്‍ച്ചയെ നേരിടുകയെന്നത് അസാധ്യമാണെന്നു തീര്‍ച്ച. സൗദി എണ്ണ മന്ത്രി അലി അല്‍ നഈമി കഴിഞ്ഞ ദിവസം പറഞ്ഞത് ഉല്‍പാദകര്‍ക്കിടയില്‍ അങ്ങനെയൊരു പരസ്പര വിശ്വാസം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണ്. അതിനര്‍ഥം, ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്ന പരിപാടി നടപ്പില്ലെന്നു തന്നെ.
എന്താവും എണ്ണ വിലത്തകര്‍ച്ചയുടെ ഫലം എന്നു പറയാനാവില്ല. വന്‍കിട രാജ്യങ്ങളില്‍ മൂലധനത്തിന്റെ കൂറ്റന്‍ കരുതല്‍ ശേഖരമുണ്ട്. പശ്ചിമേഷ്യയിലെ എണ്ണപ്പാടങ്ങളില്‍ ഉല്‍പാദനച്ചെലവ് വളരെ കുറവാണ്. എന്നാല്‍ അമേരിക്കയിലും മറ്റും ഷെയില്‍ ഗ്യാസ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍ ചെലവേറിയതാണ്. ധ്രുവങ്ങളിലെയും ആഴക്കടലിലെയും എണ്ണ ഉല്‍പാദനവും അങ്ങനെതന്നെ. അത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എണ്ണക്കമ്പനികള്‍ വൈകാതെ തകര്‍ച്ച നേരിടും എന്നാണ് എണ്ണ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
Next Story

RELATED STORIES

Share it