എച്ച്എസ്ബിസി ബാങ്ക് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു

ന്യൂഡല്‍ഹി: പ്രമുഖ ആഗോള ബാങ്കിങ് സ്ഥാപനമായ എച്ച്എസ്ബിസി (ഹോങ്കോങ് ആന്റ് ഷാങ്ഹായ് ബാങ്കിങ് കോര്‍പറേഷന്‍) ഇന്ത്യയിലെ തങ്ങളുടെ സ്വകാര്യ ബാങ്കിങ് ബിസിനസ് നിര്‍ത്തുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ എച്ച്എസ്ബിസി ബാങ്കില്‍ പണം നിക്ഷേപിച്ച ഇന്ത്യക്കാരെക്കുറിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ ദിവസം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എച്ച്എസ്ബിസിയുടെ പുതിയ തീരുമാനം.
ആഗോള സ്വകാര്യ ബാങ്കിങിനെക്കുറിച്ചുള്ള തന്ത്രപരമായ പഠനത്തിന് ശേഷമാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടെതെന്ന് എച്ച്എസ്ബിസി വക്താവ് വ്യക്തമാക്കി. ഇന്ത്യയിലെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എച്ച്എസ്ബിസിയുടെതന്നെ ചില്ലറ ബാങ്കിങ് രംഗത്തേക്ക് മാറാനുള്ള അവസരം നല്‍കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, മറ്റു ബാങ്കുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും നല്‍കും. 32,000ഓളം വരുന്ന ഇന്ത്യയിലെ ബാങ്ക് ജീവനക്കാരെ എച്ച്എസ്ബിസിയുടെതന്നെ പ്രീമിയര്‍ ബാങ്കിങ് മേഖലയിലേക്ക് മാറ്റും. 2016 മാര്‍ച്ച് മാസത്തോടെ ഇന്ത്യയിലെ സ്വകാര്യ ബാങ്കിങ് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളെ എച്ച്എസ്ബിസിയുടെ പ്രീമിയര്‍ ബാങ്കിങിലേക്ക് മാറ്റുമെന്നും ബാങ്ക് വക്താവ് അറിയിച്ചു.
2007വരെയുള്ള കണക്കുപ്രകാരം, എച്ച്എസ്ബിസിയുടെ ജനീവന്‍ ശാഖയില്‍ 1000 ഇന്ത്യക്കാരുടെ നാലായിരം കോടിയുടെ അമേരിക്കന്‍ ഡോളര്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് ഒരു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വ്യവസായികളായ അനില്‍ അംബാനി, മുകേഷ് അംബാനി ഉള്‍പ്പെടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ എച്ച്എസ്ബിസി ബാങ്കില്‍ നിക്ഷേപമുള്ള 1,195 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. എച്ച്എസ്ബിസി പട്ടികയില്‍ പേരുള്ളവര്‍ വിദേശ വിനിമയ കൈകാര്യ നിയമം (ഫെമ) പ്രകാരം വിചാരണ നേരിടേണ്ടിവരും. പട്ടികയില്‍ പേരുള്ളവര്‍ക്കെതിരേ ഇന്ത്യന്‍ കുറ്റകൃത്യ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന) വകുപ്പ് ചുമത്തിയതായി റിപോര്‍ട്ടുണ്ടായിരുന്നു.
Next Story

RELATED STORIES

Share it