kozhikode local

എക്‌സൈസ് ചമഞ്ഞ് തട്ടിപ്പ്; വടകരയില്‍ മൂന്നുപേര്‍ പിടിയില്‍

വടകര: എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ വടകരയില്‍ പിടിയില്‍. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങിക്കൊണ്ടു പോകുന്നവരെ എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ മൂന്നുപേരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ പഴയങ്ങാടി കണ്ണൂക്കാരത്ത് മമ്മൂട്ടി (46), തില്ലങ്കേരി കാവുംപടി കളത്തില്‍ സക്കറിയ (35), കണ്ണൂര്‍ സിറ്റിയിലെ മരക്കാര്‍ കണ്ടി ചെക്കിന്റവിട ഖാലിദ് (43) എന്നിവരെയാണ് വടകര എസ്‌ഐ ദിനേഷ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് വ്യാജ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ ഇവര്‍ പിടിയിലായത്.
മുടപ്പിലാവില്‍ തൂണൂറ ക്ഷേത്രത്തിലെ കലശത്തിനായി മദ്യം വാങ്ങിച്ചു മടങ്ങുകയായിരുന്ന മന്തരത്തൂര്‍ മുടപ്പിലാവില്‍ മാണിക്കാണ്ടി താഴെകുനി ബാലനോട് സംഘം പണം ആവശ്യപ്പെട്ടു. മുമ്പ് രണ്ട് തവണ തന്നില്‍ നിന്നും ഇതേ സംഘം പണം തട്ടിയതായി ബാലന്‍ പരാതിയില്‍ പറയുന്നു. ക്ഷേത്ര കലശത്തിന് മദ്യം വാങ്ങിക്കുന്ന കാര്യം ബാലന്‍ എക്‌സൈസ് അധികൃതരെ നേരത്തെ അറിയിച്ചിരുന്നു. വടകര എക്‌സൈസ് ഓഫിസില്‍ നിന്ന് ഇത്തരമൊരു പരിശോധന നടത്തിയിട്ടില്ലെന്ന് ബാലന് അറിയാന്‍ കഴിഞ്ഞു.
ഇത് ആവര്‍ത്തിക്കുകയാെണങ്കില്‍ എക്‌സൈസ് ഓഫിസില്‍ അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ഔട്ട്‌ലെറ്റിന് സമീപമെത്തിയപ്പോള്‍ ബാലന്‍ എക്‌സൈസ് അധികൃതരെയും വടകര പോലിസിനെയും വിവരം അറിയിച്ചത്. മൂവരും ചേര്‍ന്ന് പലരില്‍ നിന്നായി ഇതേരീതിയില്‍ വന്‍തുക തട്ടിയെടുത്തതായി പോലിസ് പറഞ്ഞു. പല കേസുകളിലും ജയില്‍ ശിക്ഷ അനുഭവിച്ചവരാണ് പ്രതികള്‍. എക്‌സൈസ് അസി. കമ്മീഷണറുടെ നിര്‍ദേശ പ്രകാരം വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജി ജോര്‍ജും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആള്‍മാറാട്ടത്തിനാണ് പോലിസ് കേസെടുത്തത്.
Next Story

RELATED STORIES

Share it