wayanad local

എക്‌സൈസിന് മൗനം; തൊണ്ടര്‍നാട് പഞ്ചായത്തില്‍ അനധികൃത മദ്യവില്‍പന

മാനന്തവാടി: തൊണ്ടര്‍നാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അനധികൃത മദ്യവില്‍പന സജീവമായിട്ടും എക്‌സൈസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപം.
കുഞ്ഞോം, കാഞ്ഞിരങ്ങാട്, ചീപ്പാട്, മക്കിയാട്, പ്രദേശങ്ങളിലാണ് മദ്യവില്‍പന നടന്നുവരുന്നത്. ഓട്ടോറിക്ഷകളിലും സ്‌കൂട്ടറുകളിലും മദ്യം ഇവിടങ്ങളിലെത്തിച്ച് സ്വകാര്യ വ്യക്തികളുടെ വീടുകള്‍ കേന്ദ്രീകരിച്ചും വിജന പ്രദേശങ്ങളിലുമാണ് വില്‍പന. സ്ഥിരം കൂലിപ്പണിക്കു പോവുന്ന ആദിവാസികളുള്‍പ്പെടെയുള്ള സാധാരണക്കാരാണ് ഉപഭോക്താക്കള്‍.
നേരത്തെ ചീപ്പാട് മദ്യശാല അടച്ചതോടെ പ്രദേശങ്ങളില്‍ ശക്തമായ പരിശോധന എക്‌സൈസിന് കീഴില്‍ നടത്തിവന്നിരുന്നു.
നിരവധി വില്‍പനക്കാരെയും വാഹനങ്ങളും പിടികൂടുകയും ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതോടെ അവസാനിപ്പിച്ച മദ്യവില്‍പനയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം കാഞ്ഞിരങ്ങാട് വച്ച് മദ്യവില്‍പന നടത്തുന്നയാളെ എക്‌സൈസ് സംഘം പിടികൂടിയെങ്കിലും മദ്യത്തിന്റെ അളവ് കുറച്ചുകാണിച്ച് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചതായും ആക്ഷേപമുണ്ട്.
എട്ടു ലിറ്റര്‍ മദ്യം പിടികൂടിയതായിട്ടായിരുന്നു ആദ്യം എക്‌സൈസ് സംഘം അറിയിച്ചത്. എന്നാല്‍, നാലു ലിറ്റര്‍ മദ്യം മാത്രം കാണിച്ച് ഇയാളെ കേസെടുത്ത് വിട്ടയക്കുകയായിരുന്നു. കാഞ്ഞിരങ്ങാട് ചേരവേലില്‍ സുനിലി(30)നെതിരേയാണ് അമിതമദ്യം സൂക്ഷിച്ചതിന് കേസെടുത്തത്.
റോഡരികിലെ കാട്ടില്‍ മദ്യം സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്ന ഇയാളെ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രദേശത്ത് മാഹിയില്‍ നിന്നു കൂടുതല്‍ മദ്യമെത്താനിടയുണ്ടെന്നും പരിശോധന കര്‍ശനമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it