എക്‌സിറ്റ് പോള്‍: പൂര്‍ണമായി തള്ളി യുഡിഎഫ്; ആത്മവിശ്വാസം വര്‍ധിച്ച് എല്‍ഡിഎഫ്

എച്ച് സുധീര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി മുന്നണികള്‍. എല്‍ഡിഎഫിന് അനുകൂലമായ സര്‍വേഫലങ്ങള്‍ പൂര്‍ണമായും തള്ളുകയാണ് യുഡിഎഫ്. എക്‌സിറ്റ്‌പോളുകള്‍ എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അവ പൂര്‍ണമായി മുഖവിലയ്‌ക്കെടുക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല. 72- 76 സീറ്റുകളുമായി അധികാരം നിലനിര്‍ത്താമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ 85 സീറ്റുകള്‍ വരെ നേടാമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.
അതേസമയം, ന്യൂനപക്ഷ വോട്ടുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അവകാശവാദമുന്നയിക്കുന്നു. ത്രികോണമല്‍സരങ്ങള്‍ നടന്ന മണ്ഡലങ്ങളില്‍ പോളിങ് ഉയര്‍ന്നതും മുന്നണികളെ അമ്പരിപ്പിച്ചിട്ടുണ്ട്. പി സി ജോര്‍ജ് മല്‍സരിച്ച പൂഞ്ഞാറില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അമിതപ്രതീക്ഷയില്ല. ഇവിടെ പി സി ജോര്‍ജ് തികഞ്ഞ പ്രതീക്ഷയിലാണ്.
സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമുണ്ടാവുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ യുഡിഎഫ് നേതൃത്വം തള്ളിക്കളഞ്ഞു. യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചു. ബിജെപിയുടെ വോട്ടുവിഹിതം വര്‍ധിക്കുമെന്നും സിപിഎം വോട്ടുകള്‍ കൂടുതലായി ചോരുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നു യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുമ്പോഴും നേമം, കഴക്കൂട്ടം, കുട്ടനാട് മണ്ഡലങ്ങളില്‍ ഒരുവിഭാഗം നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 2011നെക്കാള്‍ നാല്‌സീറ്റുകള്‍ വരെ അധികം കിട്ടുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. തെക്കന്‍ ജില്ലകളിലും മലബാറിലും സിറ്റിങ് സീറ്റുകളില്‍ ചിലതു നഷ്ടപ്പെടുമെങ്കിലും എല്‍ഡിഎഫില്‍നിന്നും ചില സീറ്റുകള്‍ പിടിച്ചെടുക്കാനാവും. പരമ്പരാഗത എല്‍ഡിഎഫ് വോട്ടുകളുടെ ഒരുഭാഗം എന്‍ഡിഎക്ക് ലഭിച്ചതിനാല്‍ മധ്യകേരളത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം ചുരുക്കം മണ്ഡലങ്ങളില്‍ ഒതുങ്ങുമെന്നും യുഡിഎഫ് വിലയിരുത്തുന്നു.
യുഡിഎഫിന് ഭരണം നിലനിര്‍ത്താന്‍ മധ്യകേരളത്തില്‍ മികച്ച മുന്നേറ്റം അനിവാര്യമാണ്. എന്നാല്‍, എറണാകുളം ജില്ലയില്‍ പോരാട്ടം കനത്തതും കോട്ടയത്തെ യുഡിഎഫ് കോട്ടകളില്‍ പോളിങ് ശതമാനം കുറഞ്ഞതും യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നു.
അതേസമയം, പ്രചാരണരംഗത്ത് ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തില്‍ ആശങ്ക ഉടലെടുത്തതോടെ ന്യൂനപക്ഷവോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായി കേന്ദ്രീകരിച്ചുവെന്നാണ് എല്‍ഡിഎഫ് ക്യാംപിന്റെ വിശ്വാസം. ഇക്കാരണത്താലാണ് ന്യൂനപക്ഷ സ്വാധീനമേഖലയില്‍ വോട്ടിങ് ശതമാനം കൂടിയത്. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം യുഡിഎഫിന്റെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കും. അങ്ങനെവന്നാല്‍, തെക്കന്‍ ജില്ലകളിലും മലബാറിലും നേട്ടമുണ്ടാക്കുമെന്നും ഇടതുതരംഗം പ്രകടമായാല്‍ 95 സീറ്റുകള്‍ വരെ നേടാമെന്നും നേതാക്കള്‍ക്ക് ആത്മവിശ്വാസമുണ്ട്.
മധ്യകേരളത്തിലും എല്‍ഡിഎഫ് മുന്നേറ്റം പ്രതീക്ഷിക്കുന്നു. ബിജെപി- ബിഡിജെഎസ് കൂട്ടുകെട്ട് സംസ്ഥാനത്ത് പ്രതീക്ഷിച്ചത്ര മുന്നേറ്റമുണ്ടാക്കിയില്ലെന്നും എല്‍ഡിഎഫിന് ലഭിക്കേണ്ട ഈഴവ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും പ്രാദേശികഘടകം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബിജെപി അക്കൗണ്ട് തുറക്കില്ലെങ്കിലും ചില മണ്ഡലങ്ങളില്‍ മുന്നേറ്റം നടത്തുമെന്നും വിലയിരുത്തലുണ്ട്. ഇവിടെ എല്‍ഡിഎഫിന്റെ വോട്ടുവിഹിതം കുറയുമെങ്കിലും യുഡിഎഫിനു വലിയ നഷ്ടം നേരിടും. നായര്‍ വോട്ടുകളും പുതിയ വോട്ടര്‍മാരും അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നും എല്‍ഡിഎഫിന് പ്രതീക്ഷയുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രചാരണം നടത്തിയ ബിജെപി ഇക്കുറി നേമമടക്കം അഞ്ചുസീറ്റുകള്‍ നേടുമെന്ന അമിതപ്രതീക്ഷയിലാണ്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ അവര്‍ക്ക് 1- 3 സീറ്റുകള്‍വരെ ലഭിക്കുമെന്നും പറയുന്നു. എന്നാല്‍, ബിജെപി ഒരുസീറ്റ് നേടിയാലും ചരിത്രത്തില്‍ ഇടംനേടും.
Next Story

RELATED STORIES

Share it