എകെപിക്ക് പുതിയ ചെയര്‍മാന്‍ ഉര്‍ദുഗാന്റെ വിശ്വസ്തന്‍ യല്‍ദിരിം പുതിയ തുര്‍ക്കി പ്രധാനമന്ത്രി

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഗതാഗത മന്ത്രി ബിനാലി യല്‍ദിരിമിനെ ഭരണകക്ഷിയായ അക്പാര്‍ട്ടിയുടെ പുതിയ ചെയര്‍മാനും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമാക്കാന്‍ നീക്കം. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അഹ്മദ് ദാവൂദൊഗ്‌ലു പ്രധാനമന്ത്രി പദം ഒഴിഞ്ഞതിനു പിന്നാലെയാണ് തീരുമാനം. അങ്കാറയിലെ അറീന സ്‌പോര്‍ട്‌സ് ഹാളില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിലെ ചെയര്‍മാന്‍ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഏക സ്ഥാനാര്‍ഥിയാണ് യല്‍ദിരിം. ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (എകെപി)യുടെ അങ്കാറയില്‍ ചേര്‍ന്ന അസാധാരണ സമ്മേളനത്തിലാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ദാവൂദൊഗ്‌ലുവിന്റെ രാജിയില്‍ കലാശിച്ച പ്രസിഡന്റിന്റെ ഭരണഘടനാ പരമായ അധികാരം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയെന്നതാണ് പുതിയ പ്രധാനമന്ത്രിയുടെ പ്രധാന കര്‍ത്തവ്യമെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഉര്‍ദുഗാന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുന്ന യല്‍ദിരിം പ്രസിഡന്റിന്റെ അധികാര പരിധി വിപുലപ്പെടുത്താനുള്ള ഭരണഘടനാ മാറ്റത്തിന് ചുക്കാന്‍ പിടിക്കുമെന്നു കരുതുന്നതായി ബിബിസി റിപോര്‍ട്ട് ചെയ്യുന്നു. ഉര്‍ദുഗാനുമായുണ്ടായ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് അഹ്മദ് ദാവൂദൊഗ്‌ലു പ്രധാനമന്ത്രി പദത്തില്‍നിന്നു കഴിഞ്ഞ മാസമാണ് രാജിവച്ചത്. ഉര്‍ദുഗാന്‍ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന ദാവൂദൊഗ്‌ലു, അദ്ദേഹം പ്രസിഡന്റായതോടെയാണ് പ്രധാനമന്ത്രി പദത്തിലെത്തിയത്. അഭയാര്‍ഥി വിഷയത്തില്‍ യൂറോപ്യന്‍ യൂനിയനുമായുള്ള കരാര്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു. കഴിഞ്ഞമാസമാണ് ഇരുവര്‍ക്കുമിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്.
Next Story

RELATED STORIES

Share it