അസം: മുസ്‌ലിം വോട്ട് ഭിന്നിച്ചു; ബംഗാളില്‍ മമതയ്‌ക്കൊപ്പം

ന്യൂഡല്‍ഹി: കേരളത്തില്‍ മുസ്‌ലിംവോട്ടുകളിലെ വലിയൊരു ഭാഗം ഇടതുപക്ഷം നേടിയപ്പോള്‍ പശ്ചിമബംഗാളില്‍ അത് മമതയ്‌ക്കൊപ്പം. ഇന്ത്യയില്‍ ജമ്മുകശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനമായ അസമില്‍ ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫും കോണ്‍ഗ്രസ്സും മുസ്‌ലിംവോട്ടുകളിലെ വലിയൊരു ഭാഗം പങ്കിട്ടെടുത്തു.

[related]ഇതുമൂലം ബിജെപിയും മുസ്‌ലിംകള്‍ വിധി നിര്‍ണയിക്കുന്ന ചില മണ്ഡലങ്ങളില്‍ വിജയിച്ചു. അസമില്‍ മുസ്‌ലിംകേന്ദ്രീകൃതമായ 36 മണ്ഡലങ്ങളില്‍ 15 എണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. കഴിഞ്ഞ തവണ ഇത് 14 ആയിരുന്നു. കഴിഞ്ഞ തവണ 17 സീറ്റില്‍ വിജയിച്ച എഐയുഡിഎഫ് ആവട്ടെ 11 സീറ്റിലേക്കു ചുരുങ്ങി. ബാക്കി സീറ്റുകളില്‍ എട്ടെണ്ണം ബിജെപിയും രണ്ടു സീറ്റുകള്‍ ബിജെപിയുടെ സഖ്യകക്ഷിയായ അസംഗണ പരിഷത്തും നേടി. ബംഗാളില്‍ മുസ്‌ലിംവോട്ടുകള്‍ ഇത്തവണ ഇടതുപക്ഷം നേടുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍, മുസ്‌ലിംകള്‍ വിധി നിര്‍ണയിക്കുന്ന 65 മണ്ഡലങ്ങളില്‍ 38 എണ്ണം തൃണമൂല്‍ നേടി. 2011ല്‍ ഇത്തരത്തില്‍ 30 സീറ്റുകള്‍ മാത്രമായിരുന്നു തൃണമൂലിനു നേടാനായത്. അവരുടെ വോട്ടുവിഹിതം 29.3 ശതമാനത്തില്‍ നിന്ന് 40.8 ശതമാനമായി ഉയരുകയും ചെയ്തു. ഈ ഭാഗത്തെ ഇടതു വോട്ട് വിഹിതം 41.7 ശതമാനത്തില്‍ നിന്ന് 24.2 ശതമാനമായി കുറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ് ആവട്ടെ മുസ്‌ലിംമേഖലയിലെ തങ്ങളുടെ സീറ്റ് നിലയും വോട്ട് വിഹിതവും ഉയര്‍ത്തിയിട്ടുണ്ട്. 2011ല്‍ 16 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത് 18 ആയി ഉയര്‍ത്തി. വോട്ടുവിഹിതം 14.4 ശതമാനത്തില്‍ നിന്ന് 19.3 ശതമാനമായി ഉയരുകയും ചെയ്തു.
Next Story

RELATED STORIES

Share it