Gulf

എഐപിഎസ് കോണ്‍ഗ്രസിന് തുടക്കമായി

ദോഹ: ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് പ്രസ് അസോസിയേഷന്റെ(എഐപിഎസ്) 79ാമത് കോണ്‍ഗ്രസിന് ദോഹയില്‍ തുടക്കമായി. ഷെറാട്ടണ്‍ ഹോട്ടലില്‍ രാവിലെ 9ന് നടന്ന എഐപിഎസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തോടെയാണ് അഞ്ച് ദിവസം നീളുന്ന ഗഹനമായ ചര്‍ച്ചകള്‍ക്കുള്ള വേദിയൊരുങ്ങിയത്. ഖത്തറില്‍ നടക്കുന്ന രണ്ടാമത്തെ എഐപിഎസ് കോണ്‍ഗ്രസാണിത്. 2022ലെ ലോക കപ്പിനായി ഖത്തര്‍ നടത്തുന്ന ഒരുക്കങ്ങള്‍ ലോക മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണ് ഇക്കുറി കൈവന്നിരിക്കുന്നത്.

നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 230 അംഗങ്ങള്‍ കോണ്‍ഗ്രസില്‍ സംബന്ധിക്കുന്നുണ്ട്. ഇന്ന് ഖത്തര്‍ ഒളിംപിക് കമ്മിറ്റിയും ഐസിഎസ്എസും പ്രസന്റേഷനുകള്‍ അവതരിപ്പിക്കും. കായിക സുരക്ഷയ്ക്കുള്ള അന്താരാഷ്ട്ര കേന്ദ്രം, കായിക മേഖലയുടെ സുരക്ഷയും സമഗ്രതയും സംരക്ഷിക്കുന്നതിനുള്ള ആഗോള സംഘടന എന്ന വിഷയത്തിലുള്ള പേപ്പറുകളാണ് അവതരിപ്പിക്കുക. സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി, ഖത്തര്‍ റെയില്‍, എഫ്‌ഐഎസ്‌യു, യുഇഎഫ്എ എന്നിവയുടെ അവതരണങ്ങളും ഇന്നുണ്ടാവും.
നാളെ ആസ്പയര്‍ ഡോമില്‍ നടക്കുന്ന കായിക ദിന പരിപാടികളില്‍ പ്രതിനിധികള്‍ പങ്കെടുക്കും. മറ്റ് ചര്‍ച്ചകളും നടക്കും. ബുധനാഴ്ചയാണ് ഫിഫ, ഐഎഎഎഫ്, എഫ്‌ഐജി, ഖത്തര്‍ ടൂറിസം അതോറിറ്റി പ്രതിനിധികള്‍ക്കുള്ള അവസരം. ഉച്ചയ്ക്ക് ശേഷം പ്രതിനിധികള്‍ ലോക കപ്പ് സ്റ്റേഡിയം നിര്‍മാണ സ്ഥലങ്ങളിലും ലേബര്‍ സിറ്റിയിലും സന്ദര്‍ശനം നടത്തും.
ഈ വര്‍ഷം നടക്കുന്ന യൂറോ ചാംപ്യന്‍ഷിപ്പ് ഫുട്‌ബോള്‍, 2016 ഒളിംപിക്‌സ് തുടങ്ങിയവയും കോണ്‍ഗ്രസില്‍ ചര്‍ച്ചയാവും. ധാര്‍മികത, വനിതകളും കായിക രംഗവും, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിലും സമഗ്ര ചര്‍ച്ചകള്‍ നടക്കും.
Next Story

RELATED STORIES

Share it