എഎഫ്‌സി കപ്പ്: ബഗാന് തകര്‍പ്പന്‍  ജയം; ബംഗളൂരുവിന് തോല്‍വി 

ഗുവാഹത്തി /ലാവോസ്: എഎഫ്‌സി കപ്പിന്റെ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ഐ ലീഗ് ചാംപ്യന്മാരായ മോഹന്‍ ബഗാന്‍ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ മറ്റൊരു ഐ ലീഗ് ടീം ബംഗളൂരു എഫ്‌സി തോല്‍വിയേറ്റുവാങ്ങി.
ഗ്രൂപ്പ് ജിയില്‍ മാലദ്വീപില്‍ നിന്നുള്ള മാസിയ സ്‌പോര്‍ട്‌സ് ആന്റ് റിക്രിയേഷന്‍ ക്ലബ്ബിനെ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ബഗാന്‍ തുരത്തിയത്.
ഇരട്ടഗോളുകള്‍ വീതം നേടിയ സ്‌ട്രൈക്കര്‍ ജെജെ ലാല്‍ പെഖ്‌ലുവയും ഗ്ലെന്‍ കോര്‍ണലുമാണ് ബഗാന്റെ വിജയശില്‍പ്പികള്‍. 33, 69 മിനിറ്റുകളിലാണ് ജെജെ വലകുലുക്കിയതെങ്കില്‍ 35, 71 മിനിറ്റുകളിലായിരുന്നു കോര്‍ണല്‍ ലക്ഷ്യംകണ്ടത്. മാസിയയുടെ ആശ്വാസഗോള്‍ ഇമാസ് അഹ്മദിന്റെ വകയായിരുന്നു. മറ്റൊരു ഗോള്‍ ബഗാന്‍ താരം രാജു ഗെയ്ക്‌വാദിന്റെ സംഭാവനയായിരുന്നു.
4-3-3 എന്ന ശൈലിയിലാണ് മാസിയക്കക്കെതിരേ ബഗാന്‍ കളത്തിലിറങ്ങിയത്. ഗോവന്‍ മിഡ്ഫീല്‍ഡര്‍ സീസണില്‍ ആദ്യമായി ബഗാന്‍ നിരയില്‍ തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. അതേസമയം, 5-2-3 എന്ന ലൈനപ്പാണ് മാസിയ പരീക്ഷിച്ചത്.
19ാം മിനിറ്റില്‍ നോര്‍ദെ ബഗാന്റെ അക്കൗണ്ട് തുറന്നു. ബോക്‌സിനുള്ളില്‍ വച്ച് നോര്‍ദെയെ മാസിയ താരം സംദൂ ഫൗള്‍ ചെയ്തതാണ് പെനല്‍റ്റിക്കു വഴിയൊരുക്കിയത്. 33ാം മിനിറ്റില്‍ ബഗാന്‍ ലീഡുയര്‍ത്തി. ഇടതുമൂലയിലൂടെ കുതിച്ചെത്തി നോര്‍ദെ കൈമാറിയ പാസ് വലംകാല്‍ ഷോട്ടിലൂടെ ജെജെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. രണ്ടു മിനിറ്റിനകം ഗ്ലെന്‍ ബഗാന്റെ സ്‌കോര്‍ 3-0 ആക്കി. പ്രണോയ്-ജെജെ എന്നിവരുടെ നീക്കത്തിനൊടുവിലാണ് 35കാരന്‍ വലചലിപ്പിച്ചത്.
61ാം മിനിറ്റില്‍ ഇമാസ് മാസിയയുടെ ആദ്യഗോള്‍ മടക്കി. 69ാം മിനിറ്റില്‍ ജെജെയും 71ാം മിനിറ്റില്‍ ഗ്ലെന്നും തങ്ങളുടെ ര ണ്ടാം ഗോളും നിക്ഷേപിച്ചതോടെ ബഗാന്‍ 5-1ന് മുന്നിലെത്തി. 76ാം മിനിറ്റില്‍ ഗെയ്ക്‌വാദിന്റെ സെല്‍ഫ്‌ഗോള്‍ മാസിയയുടെ തോല്‍വിഭാരം കുറച്ചു.
അതേസമയം, ബംഗളൂരു 1-2 നു ലാവോസില്‍ നിന്നുള്ള ക്ലബ്ബ് ലാവോ ടൊയോട്ടയോട് പരാജയം സമ്മതിക്കുകയായിരുന്നു. മലയാളി താരം സി കെ വിനീതിന്റെ വകയായിരുന്നു ബംഗളൂരുവിന്റെ ഗോള്‍.
Next Story

RELATED STORIES

Share it