malappuram local

എം-കൊമേഴ്‌സ് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

മലപ്പുറം: ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടി ജില്ലാ പഞ്ചായത്ത് എം-കോമേഴ്‌സ് പദ്ധതി നടപ്പാക്കുമെന്ന് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ അറിയിച്ചു.
വ്യവസായ സാങ്കേതിക ക്ലിനിക്കിന്റെ രണ്ടാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ വകുപ്പ്, ഇതര സര്‍ക്കാര്‍ വകുപ്പുകള്‍, ഖാദി ബോര്‍ഡ്, കുടുംബശ്രീ, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സംരംഭകര്‍ എന്നിവര്‍ ജില്ലയില്‍ ഗുണമേന്‍മയുള്ളതും മിതവിലയിലുള്ളതുമായ ധാരാളം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. എന്നാല്‍, പലതിനും അര്‍ഹിക്കുന്ന വിപണി ലഭിക്കുന്നില്ല.
ആഗോള-ഉദാരവല്‍ക്കരണത്തിന്റെ പുതിയ കാലഘട്ടത്തില്‍ ദേശീയ-അന്തര്‍ദേശീയ വിപണികളില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും വാങ്ങാനും വില്‍ക്കാനും ഇതുവഴി അവസരമുണ്ടാവും. പ്രാദേശികമായി ലഭ്യമായ വിഭവങ്ങളുപയോഗിച്ച് ഇവിടെത്തന്നെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം നടത്തുമ്പോള്‍ ധാരാളം തൊഴില്‍ അവസരങ്ങളുണ്ടാവുകയും പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാകുകയും ചെയ്യും.
ഇതിന് സാങ്കേതിക ക്ലിനിക്ക് ഒരു മുതല്‍ കൂട്ടായിരിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി അബ്ദുള്‍ വഹാബ് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജരും കോ-ഓഡിനേറ്ററുമായ കെ ടി അബ്ദുള്‍ മജീദ്, ജൂനിയര്‍ സൂപ്രണ്ട് ടി പി രഘുനാഥ് സംസാരിച്ചു. പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്ന വിഷയത്തില്‍ ഡയറി സയന്‍സ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. ഗീവര്‍ഗ്ഗീസും, മൂല്യവര്‍ധിത മാംസഉല്‍പ്പന്നങ്ങള്‍ വിഷയത്തില്‍ വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. ജോര്‍ജ് ടി ഉമ്മനും ക്ലാസെടുത്തു. പഴം, പച്ചക്കറി, ബേക്കറി ഉല്‍പ്പന്നങ്ങളുടെ സാങ്കേതിക വിദ്യയും ഇത്തരം നൂറ് കണക്കിന് പ്രൊജക്റ്റുകളുടെ പ്രൊഫൈലും റസിപ്പിയും സീനിയര്‍ ഫുഡ് ടെക്‌നോളജിസ്റ്റും മൈസൂരിലെ സിഎഫ്ടിആര്‍ഐയില്‍ നിന്നു വിരമിച്ച വിദഗ്ദനുമായ അലി അവതരിപ്പിച്ചു. പരിപാടിയില്‍ നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ജയിംസ് പി ജോര്‍ജ് മോഡറേറ്ററായിരുന്നു.
Next Story

RELATED STORIES

Share it