Kottayam Local

എംവിഐപി കനാല്‍ അതിരമ്പുഴ വരെ നീട്ടാന്‍ തീരുമാനമായി

കടുത്തുരുത്തി: മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ കീഴില്‍ കനാല്‍ നിര്‍മിക്കുന്നത് കുറുമുള്ളൂരില്‍ നിന്നു അതിരമ്പുഴ വരെ നീട്ടാന്‍ തീരുമാനമായി. ജലവിഭവ മന്ത്രി പി ജെ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ചു സര്‍ക്കാര്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. നിലവിലുതീരുമാനപ്രകാരം കുറുമുളളൂരില്‍ കനാല്‍ നിര്‍മാണം അവസാനിപ്പിക്കുന്നതുകൊണ്ട് പദ്ധതി വിഭാവനം ചെയ്ത പ്രയോജനം കൃഷിക്കാര്‍ക്കോ ജനങ്ങള്‍ക്കോ ലഭിക്കാത്ത സാഹചര്യം മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം പുനപരിശോധിക്കാന്‍ നിര്‍ദേശിച്ചത്. എംവിഐപി പ്രോജക്ട് ചീഫ് എന്‍ജിനീയര്‍ എസ് രമ പുതുക്കി അവതരിപ്പിച്ച പ്രൊപ്പോസല്‍ യോഗം അംഗീകരിച്ചു.
മാഞ്ഞൂര്‍ റെയില്‍വേ ലൈനിനു താഴെഭാഗം വഴി പൈപ്പ്‌ലൈന്‍ ഇടാനുള്ള പ്രവര്‍ത്തിയുടെ തടസവും യോഗത്തില്‍ പരിഹരിച്ചു. ഇതനുസരിച്ചു സര്‍ക്കാര്‍ ഏജന്‍സി, പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി നടപ്പാക്കും. കനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന മുളക്കുളം-കാരിക്കോട്-കുന്നപ്പിള്ളി പ്രദേശങ്ങളില്‍ പ്രശ്‌നപരിഹാരത്തിനു നടപ്പാക്കാന്‍ കഴിയുന്ന സാധ്യമായ നിര്‍ദേശങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച് എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ ടീമിനെ മന്ത്രി ചുമതലപ്പെടുത്തി.
കനാല്‍ നിര്‍മാണം പുതിയതായി ആരംഭിക്കുന്ന ഭാഗങ്ങളില്‍ ജനങ്ങള്‍ക്കു റോഡുസൗകര്യം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. ഇക്കാര്യം പരിശോധിക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുമായും സ്ഥലവാസികളുമായും കൂടിയാലോചന നടത്തും. കുറവിലങ്ങാട്-ഞീഴൂര്‍ കനാലിന്റെ മുടങ്ങി കിടക്കുന്നതും ആഴം കൂടിയതുമായ ഭാഗത്തെ നിര്‍മാണ കാര്യങ്ങള്‍ നടപ്പാക്കാന്‍ പുതിയ പ്രൊപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇക്കാര്യം പരിശോധിച്ച് എത്രയും വേഗത്തില്‍ അനുമതി നല്‍കും.വെമ്പള്ളി-കാളികാവ്-വയലാ-കടപ്പൂര്-കിടങ്ങൂര്‍ ഡിസ്ട്രിബ്യൂട്ടറിയുടെ മുറിഞ്ഞുകിടക്കുന്ന കനാല്‍ ഭാഗങ്ങള്‍ എത്രയുംവേഗം പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു.
വെളിയന്നൂര്‍ കനാല്‍ കമ്മീഷന്‍ ചെയ്തശേഷം അടുത്ത ഘട്ടത്തില്‍ ഉഴവൂരിലേക്ക് നീട്ടാനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it