wayanad local

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനം; കാര്‍ഡുകള്‍ അയക്കുന്നതില്‍ കൃത്രിമം നടക്കുന്നെന്നു പരാതി

മാനന്തവാടി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക ജോലിക്കായി കാര്‍ഡുകള്‍ അയക്കുന്നതില്‍ കൃത്രിമം നടക്കുന്നതായി ആക്ഷേം.
സീനിയോറിറ്റി പ്രകാരം അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് നേരത്തെ ജോലി ചെയ്തവര്‍ക്കു തന്നെ വീണ്ടും കാര്‍ഡുകള്‍ അയക്കുകയും ഇവര്‍ തൊഴില്‍ നേടിയെടുക്കുകയും ചെയ്യുന്നതായാണ് പരാതി. ജില്ലയില്‍ ഇപ്പോള്‍ നിയമനം നടത്തിക്കൊണ്ടിരിക്കുന്ന വനംവകുപ്പിലെ ബീറ്റ് ഓഫിസര്‍മാരുടെ തസ്തികയിലേക്കാണ് മുമ്പ് ജോലി ചെയ്തവര്‍ക്കുതന്നെ വീണ്ടും കാര്‍ഡുകള്‍ അയച്ച് തൊഴിലവസരം സൃഷ്ടിച്ചുകൊടുക്കുന്നത്.
പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള ആയിരക്കണക്കിനു പേര്‍ എംപ്ലോയ്‌മെന്റ് ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ് മൂന്നും നാലും തവണ തുടര്‍ച്ചയായി ഒരേ ആളുകള്‍ ഈ ജോലിയില്‍ കയറിക്കൂടുന്നത്.
കഴിഞ്ഞ ദിവസം മാനന്തവാടി ഡിഎഫ്ഒ നടത്തിയ കൂടിക്കാഴ്ചയില്‍ നിയമിക്കപ്പെട്ട 28ല്‍ എട്ടു പേര്‍ കഴിഞ്ഞ ആറു മാസമായി ഈ ജോലി ചെയ്തുവരുന്നവരാണ്.
മുമ്പ് ജോലി ചെയ്തവര്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്കിലാണ് ഇവര്‍ കൂടിക്കാഴ്ചയില്‍ വിജയിക്കുന്നത്. എന്നാല്‍, ആറു മാസം കൂടുമ്പോള്‍ വനംവകുപ്പ് ആവശ്യപ്പെടുന്ന പ്രകാരം ലിസ്റ്റ് നല്‍കുന്നതിലാണ് അഴിമതി നടക്കുന്നതായി ആരോപണമുയരുന്നത്.
നിലവില്‍ ബീറ്റ് ഓഫിസര്‍ തസ്തികയിലേക്ക് പിഎസ്‌സി ലിസ്റ്റില്ലാത്തതിനാല്‍ രണ്ടു വര്‍ഷത്തോളമായി ജില്ലയിലെ നൂറോളം ബീറ്റ് ഓഫിസര്‍ തസ്തികകളില്‍ ഭൂരിഭാഗവും താല്‍ക്കാലികക്കാരെയാണ് നിയമിക്കുന്നത്. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ക്ക് ആറു മാസക്കാലം 10,480 രൂപ അടിസ്ഥാന ശമ്പളത്തിലാണ് ജോലി.
ഒരു തവണയെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാനായി കാത്തിരിക്കുന്നവരെയാണ് എംപ്ലോയ്‌മെന്റ് ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കബളിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
Next Story

RELATED STORIES

Share it