kannur local

എംപി ഫണ്ട് പ്രവൃത്തി; ഒരു മാസത്തിനകം ഭരണാനുമതി നല്‍കണം

കണ്ണൂര്‍: എംപി ഫണ്ട് പദ്ധതികളടെ എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം ഭരണാനുമതി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ നിര്‍ദേശിച്ചു. കെ കെ രാഗേഷ് എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നുള്ള പ്രവൃത്തികളുടെ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുപാര്‍ശ ചെയ്യുന്ന പ്രവൃത്തികള്‍ നടപ്പാക്കാന്‍ കഴിയാത്തവയാണെങ്കില്‍ 15 ദിവസത്തിനകം ജില്ലാ പ്ലാനിങ് ഓഫിസര്‍മാര്‍ റിപോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എംപി ഫണ്ട് പ്രവൃത്തികള്‍ കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ മികച്ച നിലയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കോഴിക്കോട് ജില്ലയില്‍ അനാവശ്യമായ കാലതാമസം വരുന്നതായി കെ കെ രാഗേഷ് എംപി പറഞ്ഞു. 1.79 കോടിയുടെ വിവിധ പ്രവൃത്തികള്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ മാത്രം ഭരണാനുമതി ലഭിക്കാനുള്ളത്. ഇക്കാര്യം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തും.
അവിടെ പ്രത്യേകമായി നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം 10, വയനാട് 3, കണ്ണൂര്‍ 3, കോഴിക്കോട് 17 എന്നിങ്ങനെ ആകെ 5.07 കോടിയുടെ 33 പ്രവൃത്തികളാണ് എംപി ശുപാര്‍ശ ചെയ്തത്. ഇതില്‍ 20 പ്രവൃത്തികളുടെ ഭരണാനുമതി ഇതിനകം ലഭിച്ചു. 13 പ്രവൃത്തികളുടെ ഭരണാനുമതിയാണ് ലഭിക്കാന്‍ ബാക്കിയുള്ളത്. ഇതില്‍ 12ഉം കോഴിക്കോട് ജില്ലയ്ക്ക് ശുപാര്‍ശ ചെയ്തവയാണ്. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ജില്ലാ പ്ലാനിങ് ഓഫിസര്‍മാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് കലക്ടര്‍ പറഞ്ഞു. നിര്‍വഹണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് പ്രവൃത്തികള്‍ പരമാവധി വേഗത്തിലാക്കണം.
പൂര്‍ത്തിയായ പ്രവൃത്തികളുടെ ബില്ല് സമര്‍പ്പിക്കുന്നതിലും ജാഗ്രതയുണ്ടാവണം. എംപി ഫണ്ട് വിനിയോഗത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കണമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ എം എ ഷീല, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്ലനിങ് ഓഫിസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it