എംപിയും അനുയായികളുമാണ്  ആക്രമിച്ചതെന്ന് അശോകന്റെ ഭാര്യ

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി തങ്ങളെ മര്‍ദ്ദിച്ച കൊടിക്കുന്നില്‍ സുരേഷ് എംപിക്കും ഗുണ്ടാസംഘത്തിനുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് മര്‍ദ്ദനത്തിനിരയായ നന്ദന്‍കോട് കനക നഗറിലെ കൊച്ചാലയം അശോകന്റെ ഭാര്യയും മക്കളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എംപിയും സംഘവും വീട്ടിനുള്ളില്‍ കയറി മര്‍ദ്ദിച്ചതിനൊപ്പം എംപിയുടെ നിര്‍ദ്ദേശമനുസരിച്ച് മ്യൂസിയം പോലിസും മര്‍ദ്ദിച്ചു.
കൊടിക്കുന്നില്‍ സരേഷിന്റെ സഹോദരിയുടെ മകളായ ഷീജയുടെ വീടിനു സമീപത്തുള്ള വീട്ടിലാണ് തങ്ങള്‍ വാടകയ്ക്ക് താമസിക്കുന്നത്. ഷീജയുടെ ഭര്‍ത്താവിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. വീട്ടുടമസ്ഥര്‍ക്ക് തങ്ങളെക്കുറിച്ച് യാതൊരു പരാതിയുമില്ല. എന്നാല്‍ വീടൊഴിയണമെന്നാവശ്യപ്പെട്ട് ഷീജ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്ന് അശോകന്റെ ഭാര്യ ഗീത പറഞ്ഞു. തന്റെ ഭര്‍ത്താവിന്റെ വീട്ടുകാരുമായി സഹകരിക്കരുതെന്നാണ് ഷീജയുടെ ആവശ്യം. അത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞതോടെയാണ് പലതരത്തിലുള്ള ശല്യം കൂടിയത്.
ഷീജ തന്റെ മകള്‍ നിജിലയെ രണ്ടുദിവസം മുമ്പ് മര്‍ദ്ദിച്ചിരുന്നു. ഇതുസംബന്ധിച്ച് മ്യൂസിയം പോലിസിന് പരാതി നല്‍കിയിരുന്നു. തര്‍ക്കം പരിഹരിക്കാനായി ഇരുകൂട്ടരെയും കഴിഞ്ഞദിവസം വൈകീട്ട് അഞ്ചിന് മ്യൂസിയം സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ച വൈകിട്ട് നാലോടെ കൊടിക്കുന്നില്‍ സുരേഷ് ഒരു സംഘം ഗുണ്ടകളുമായി വീട്ടില്‍ അതിക്രമിച്ച് കയറി അക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിരയായ തന്റെ ഭര്‍ത്താവിനെ ആശുപത്രിയിലെത്തിക്കുന്നതിനുപകരം സ്ഥലത്തെത്തിയ പൊലിസ് വീണ്ടും മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തു.
സംഭവങ്ങള്‍ നടന്ന സമയം വീട്ടിലുണ്ടായിരുന്ന പാസ്റ്ററും അയല്‍വാസികളും ദൃക്‌സാക്ഷികളാണ്. പോലിസ് തന്നെയും കസ്റ്റഡിയിലെടുത്തു. കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത് അതേപടി കേട്ട് തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കാനാണ് പോലിസ് ശ്രമിച്ചത്. ഷീജയുടെ ഉപദ്രവം സംബന്ധിച്ച് കൊടിക്കുന്നിലിന് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും ഇടപെട്ടിരുന്നില്ല. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജി രമണി, സിപിഎം ലോക്കല്‍ സെക്രട്ടറി സുനില്‍കുമാര്‍, റസി. അസോസിയേഷന്‍ പ്രസിഡന്റ് ദേവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it