എംഡിയെ ന്യായീകരിച്ച് മന്ത്രി എഴുതിയ കത്ത് പുറത്ത്

തിരുവനന്തപുരം: കോടികളുടെ അഴിമതിക്കേസില്‍ വിജിലന്‍സ് ഒന്നാം പ്രതിയാക്കിയ സി-ആപ്ട് എംഡി സജിത് വിജയരാഘവന് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് എഴുതിയ കത്ത് പുറത്തായി. മന്ത്രിസഭാ തീരുമാനം നടപ്പാക്കുക മാത്രമാണ് എംഡി ചെയ്തതെന്ന് കാണിച്ച് മന്ത്രി എഴുതിയ ഫയലിന്റെ പകര്‍പ്പാണ് പുറത്തായിരിക്കുന്നത്.
വിജിലന്‍സും ധനകാര്യ പരിശോധനാ വിഭാഗവും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും എംഡിയുടെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എംഡിയോട് വിശദീകരണം തേടാന്‍ മാത്രമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
മന്ത്രിസഭാ യോഗത്തിന്റെയും താന്‍ കൂടി പങ്കെടുത്ത അവലോകന യോഗങ്ങളുടേയും തീരുമാനം അനുസരിച്ച് മാത്രമാണ് എംഡി പ്രവര്‍ത്തിച്ചതെന്ന് മന്ത്രി ഫയലില്‍ വിശദീകരിക്കുന്നുണ്ട്.
സജിത് വിജയരാഘവനെതിരെ ഗുരുതര ക്രമക്കേടുകളാണ് വിജിലന്‍സും ധനകാര്യപരിശോധനാ വിഭാഗവും കണ്ടെത്തിയത്. ലോട്ടറി അച്ചടിയില്‍ 1.36 കോടി രൂപയുടെ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിജിലന്‍സ് എംഡിയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. പാഠപുസ്തക അച്ചടി സ്വകാര്യ പ്രസിന് നല്‍കിയതില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തല്‍.
എംഡിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് നവംബര്‍ 30നാണ് ധനകാര്യ പരിശോധനാ —വിഭാഗം ശുപാര്‍ശ ചെയ്തത്. ഈ മാസം നാലിനാണ് എംഡിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്. ഇതിനു പുറമെ സജിത് വിജയരാഘവനെ നീക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി ശ്രീനിവാസും ആവശ്യപ്പെട്ടിരുന്നു.
കേസിലെ ഒന്നാം പ്രതി തല്‍സ്ഥാനത്ത് തുടരുമ്പോള്‍ തെളിവുകള്‍ അട്ടിമറിക്കപ്പെടുമെന്ന ആശങ്ക വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. വിജിലന്‍സും ധനകാര്യ പരിശോധനാ വിഭാഗവും എംഡിയുടെ ഭാഗം കൂടി കേട്ടാണ് റിപോര്‍ട്ടുകള്‍ തയ്യാറാക്കിയത്. ഗുരുതര ആരോപണങ്ങള്‍ക്കു വിധേയനായ എംഡിയെ സംരക്ഷിക്കുകയും അന്വേഷണ ഏജന്‍സികളെ സംശയത്തോടെ വീക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് വിദ്യാഭ്യാസമന്ത്രി കൈക്കൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it