എംടിസിആറില്‍ ഇന്ത്യ അംഗമാവും

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജി) അംഗമാവാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടെങ്കിലും മറ്റൊരു അന്തര്‍ദേശീയ കൂട്ടായ്മയില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കുമെന്ന് റിപോര്‍ട്ട്. മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമി(എംടിസിആര്‍)ലാണ് ഇന്ത്യ അംഗത്വം ഉറപ്പാക്കിയത്. ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അടുത്ത ദിവസം ഒപ്പുവയ്ക്കും. എംടിസിആറിന്റെ അധ്യക്ഷപദവി വഹിക്കുന്ന നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, ലക്‌സംബര്‍ഗ് എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.
2008ല്‍ അമേരിക്കയുമായി ഉണ്ടാക്കിയ ആണവകരാറിനെ തുടര്‍ന്നാണ് ഇന്ത്യ എംടിസിആറില്‍ ചേരാനുള്ള നീക്കം ആരംഭിച്ചത്. ബാധ്യതകളുമായി ബന്ധപ്പെട്ട് അഭിപ്രായഭിന്നത ഉടലെടുത്തതോടെ ശ്രമങ്ങള്‍ മന്ദഗതിയിലായി. എന്നാല്‍, കഴിഞ്ഞ വര്‍ഷം പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും അമേരിക്ക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
അംഗത്വത്തിനു വേണ്ടി കഴിഞ്ഞ വര്‍ഷം ജൂണിലും ഒക്ടോബറിലും ഇന്ത്യ ശ്രമം തുടരുകയുണ്ടായി. എന്നാല്‍, ഗ്രൂപ്പിന്റെ സ്ഥാപകാംഗമായ ഇറ്റലിയില്‍നിന്ന് എതിര്‍പ്പുയര്‍ന്നു. വിവാദമായ കടല്‍ക്കൊല കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. നിലവില്‍ രണ്ടു നാവികരെയും സ്വദേശത്തേക്കു മടങ്ങാന്‍ ഇന്ത്യ അനുവദിച്ചതോടെ ഇറ്റലി നിലപാട് മയപ്പെടുത്തുകയായിരുന്നു. മിസൈല്‍ സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അംഗീകാരമെന്നോണമാണ് എംടിസിആറില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, കാനഡ, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-ഏഴ് 1987ല്‍ രൂപീകരിച്ച സംഘടനയാണിത്. അംഗമാവുന്നതോടെ ഇന്ത്യക്ക് അത്യാധുനിക മിസൈലുകള്‍ വാങ്ങാനാവും.
വടക്കന്‍ കൊറിയയുമായി മിസൈല്‍ സാങ്കേതികവിദ്യ പങ്കിടുന്നുവെന്ന ആരോപണം നേരിടുന്നതിനാല്‍ എംടിസിആര്‍ അംഗമാവാനുള്ള ചൈനയുടെ അപേക്ഷ 2004ല്‍ തള്ളിയിരുന്നു. ഭാവിയില്‍ ചൈന അംഗമാവണോയെന്ന കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് നിര്‍ണായകമാവും.
Next Story

RELATED STORIES

Share it